മഞ്ചേരി: സംരക്ഷിക്കേണ്ടത് മണിക്കൂറുകൾമാത്രം പ്രായമായ ഒരു ഹൃദയത്തിന്റെ തുടിപ്പ്; പിന്നിടേണ്ടത് 366 കിലോമീറ്ററും. മഞ്ചേരിയിൽനിന്ന് ആംബുലൻസ് തിരുവനന്തപുരത്തേക്ക് കുതിച്ചെത്താൻ വേണ്ടിവന്നതാകട്ടെ വെറും അഞ്ചുമണിക്കൂറും.

മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന്‌ തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കായിരുന്നു പ്രസവിച്ച് 12 മണിക്കൂർ മാത്രം പ്രായമായ പെൺകുഞ്ഞുമായി ആംബുലൻസ് പാഞ്ഞത്. ഡ്രൈവർ പത്തനംതിട്ട സ്വദേശി ശ്രീജിത്തായിരുന്നു ആ നിയോഗം ഏറ്റെടുത്തത്.

ഹൃദ്യം പദ്ധതിയുടെ കോ-ഓർഡിനേറ്റർമാരും പോലീസും ‘മിഷന്’ നേതൃത്വംനൽകി. ഓൾകേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ് എന്ന സംഘടന വഴിയിലെ തടസ്സങ്ങൾ നീക്കാൻ മുന്നിട്ടിറങ്ങി. ചൊവ്വാഴ്ച രാത്രി 11.45-ന് പുറപ്പെട്ട ആംബുലൻസ് 4.40-ന് ശ്രീചിത്രയിലെത്തി.

പേസ്‌മേക്കർ ഘടിപ്പിച്ചശേഷം കുഞ്ഞിനെ ക്രിട്ടിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനുശേഷം മാത്രം ഉടൻ ശസ്ത്രക്രിയവേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതർ അറിയിച്ചു. മാതാവ് മഞ്ചേരി ആസ്പത്രിയിലാണ് ഇപ്പോഴുള്ളത്.

ചൊവ്വാഴ്ച രാവിലെ 11-നാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ സിസേറിയനിലൂടെ തുവ്വൂർ സ്വദേശിനിക്ക് പെൺകുഞ്ഞ് ജനിച്ചത്. ഹൃദയമിടിപ്പ് 60-ന് താഴെയാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇ.സി.ജിയെടുത്തു. ഡോക്ടർമാരായ ഷിനി, സുധി, നേഹ, ഷിബു കിഴക്കാത്ര എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ ഹൃദയത്തിന് ഗുരുതരമായ തകരാർ കണ്ടെത്തി.

സ്വകാര്യ ആസ്പത്രിയിൽ കുഞ്ഞിന് ചികിത്സനൽകാനുള്ള സാമ്പത്തികവും രക്ഷിതാക്കൾക്കില്ലായിരുന്നു. സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്കുള്ള ചികിത്സാപദ്ധതിയായ ‘ഹൃദ്യ’ത്തിൽ വൈകീട്ട് നാലരയോടെയാണ് ഡോക്‌ടർമാരുടെ നിർദേശപ്രകാരം രജിസ്റ്റർചെയ്തത്. കുഞ്ഞിനെ ശ്രീചിത്രയിലെത്തിക്കാൻ ഒരുക്കങ്ങൾ സജ്ജമാക്കാൻ രാത്രി ഒൻപതരയോടെയാണ് നിർദേശം വന്നത്. കോഴിക്കോട്ടുനിന്ന്‌ വെന്റിലേറ്റർ ഘടിപ്പിച്ച പ്രത്യേക ആംബുലൻസ് എത്തിയതോടെ യാത്ര തുടങ്ങി. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ റജി മാത്യൂസും ബന്ധുക്കളും അനുഗമിച്ചു. തടസ്സങ്ങളില്ലാതെ ശ്രീചിത്രയിലെത്തുകയുചെയ്തു.

നടപടികൾക്ക് ‘ഹൃദ്യം’ ജില്ലാ പ്രോജക്ട് മാനേജർ ഡോ. ഷിബുലാൽ, കോ-ഓർഡിനേറ്റർ ദേവീദാസ് തുടങ്ങിയവർ നേതൃത്വംനൽകി.