മഞ്ചേരി: തെരുവില്‍ താമസിക്കുന്ന സ്ത്രീയെ അപമാനിക്കാനുള്ള ശ്രമം തടഞ്ഞപ്പോള്‍ കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒന്‍പതുമാസം പ്രായമായ കുഞ്ഞിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

മഞ്ചേരിയില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. താമരശ്ശേരി സ്വദേശി മുരുകന്റെയും തമിഴ്‌നാട്ടുകാരിയായ കന്യാകുമാരിയുടെയും ആണ്‍കുഞ്ഞിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
 
ആക്രി പെറുക്കിവിറ്റു ജീവിക്കുന്ന ദമ്പതിമാര്‍ കുഞ്ഞിനൊപ്പം മഞ്ചേരിയിലെ ബസ്സ്റ്റാന്‍ഡിലാണ് താമസിക്കുന്നത്. ഐ.ജി.ബി.ടി. ബസ്സ്റ്റാന്‍ഡില്‍ മദ്യലഹരിയിലെത്തിയയാള്‍ കന്യാകുമാരിയെ അപമാനിക്കാന്‍ ശ്രമിച്ചു. ഇതു കണ്ടുകൊണ്ടെത്തിയ സ്ത്രീയുടെ സഹോദരന്‍ അപമാനശ്രമം തടഞ്ഞപ്പോള്‍ ഇയാള്‍ കത്തിവീശുകയായിരുന്നു.
 
കുഞ്ഞിന്റെ കാലില്‍ വെട്ടേറ്റു. കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് മൂന്ന് തുന്നലുകളിടേണ്ടിവന്നു. സംഭവം നടക്കുമ്പോള്‍ മുരുകന്‍ സ്ഥലത്തില്ലായിരുന്നു. പോലീസ്സ്‌റ്റേഷനിലെത്തിയപ്പോള്‍ കേസെടുക്കാതെ പറഞ്ഞുവിട്ടെന്ന് ദമ്പതിമാര്‍ പറയുന്നു.

ചൊവ്വാഴ്ച രാവിലെ വിവരമറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് അക്ബര്‍ മീനായി ചൈല്‍ഡ്‌ലൈനില്‍ അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലില്‍ പോലീസ് മേലാക്കം സ്വദേശി അയൂബിനെതിരേ കേസെടുത്തു. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതായി ചൈല്‍ഡ്‌ലൈന്‍ അറിയിച്ചു.

മുന്‍പും തെരുവില്‍ അലയുന്ന കുഞ്ഞുങ്ങള്‍ക്കുനേരേ ഇവിടെ അതിക്രമമുണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്കുമുന്‍പ് നാടോടിബാലികയെ കച്ചേരിപ്പടിയില്‍ ഒരാള്‍ അഴുക്കുചാലില്‍ തലകീഴായി തൂക്കിപ്പിടിച്ച സംഭവവുമുണ്ടായി. മഞ്ചേരി ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അന്ന് കുട്ടിയെ രക്ഷിച്ചത്. എന്നാല്‍ പോലീസ് കേസെടുക്കാതെ വിടുകയായിരുന്നു.

കുഞ്ഞിനെ ആക്രമിച്ചത് അറിയിച്ചില്ല

കുഞ്ഞിനെ ആക്രമിച്ചെന്നറിയിച്ച് ദമ്പതിമാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടില്ല. സംഭവമറിഞ്ഞ് മൊഴിയെടുക്കാന്‍ ആസ്​പത്രിയിലെത്തിയപ്പോള്‍ കുഞ്ഞിനെ ഇവിടെനിന്ന് കൊണ്ടുപോയിരുന്നു.

റിയാസ് ചാക്കീരി, മഞ്ചേരി എസ്.ഐ.