മഞ്ചേരി: ക്രഷര്‍ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പി.വി. അന്‍വര്‍ എം.എല്‍.എ. അരക്കോടിരൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് പ്രവാസിവ്യവസായി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി, എസ്.പി. എന്നിവര്‍ക്ക് പരാതി നല്കിയത്. വിദേശത്തായതിനാല്‍ ഇ.മെയില്‍ വഴിയാണ് പരാതി നല്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ മഞ്ചേരി സി.ഐയെ മാറ്റണമെന്നും എസ്.പിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്.

മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ച് മഞ്ചേരി പോലീസ് കേസെടുത്തിട്ട് രണ്ടുമാസത്തിലേറെയാകുന്നു. വിദേശത്തായിരുന്ന നടുത്തൊടി സലീമും ഭാര്യയും സഹോദരനും നാട്ടിലെത്തി പോലീസിന് മൊഴിനല്‍കി. എന്നാല്‍ പിന്നീടും അന്വേഷണത്തില്‍ അനങ്ങാപ്പാറനയമാണ് ഉണ്ടായത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് പരാതിക്ക് ആസ്ഥാനമായ മംഗുളൂരുവിലെ ബല്‍ത്തങ്ങാടിയിലെ ക്രഷര്‍ യൂണിറ്റില്‍ പോലീസ് പരിശോധന നടത്തിയത്. എന്നാല്‍ പി.വി. അന്‍വര്‍ സലീമിനെ വിശ്വസിപ്പിച്ചതുപോലെ ക്രഷര്‍യൂണിറ്റില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 1.87 ഏക്കറിലുള്ള ക്രഷറാണ് അവിടെയുളളത്. രജിസ്‌ട്രേഷന്‍ രേഖകളില്‍ ഈ ഭൂമി പി.വി. അന്‍വര്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പോലീസ് ശേഖരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ ഭൂമിയെ സംബന്ധിച്ച് വിവരം നല്കിയിട്ടില്ല. 26 ഏക്കറുള്ള ക്രഷറില്‍ പങ്കാളിത്തം നല്കാമെന്ന് വിശ്വസിപ്പിച്ച് 2012-ല്‍ 50 ലക്ഷം വാങ്ങിയതെന്നാണ് പരാതിക്കാരന്റെ ആരോപണം.