തൊടുപുഴ: പാലായിൽ മാണി സി.കാപ്പൻ യു.ഡി.എഫ്. സ്ഥാനാർഥിയാകുമെന്ന് കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. ശരത്‌പവാറിന്റെ എൻ.സി.പിയായിത്തന്നെ കാപ്പൻ മത്സരിക്കും. കാപ്പനുവേണ്ടി പാലാ സീറ്റ് വിട്ടുകൊടുക്കും. യു.ഡി.എഫിലെ പ്രശ്‌നങ്ങളല്ല, കാലുമാറ്റമാണ് തൊടുപുഴ നഗരസഭാ ഭരണം നഷ്ടമാകാൻ കാരണം. തൊടുപുഴയിൽ ഒരു വർഷത്തിനുള്ളിൽ ഭരണം തിരിച്ചുപിടിക്കും. അപ്പോഴും ചെയർമാനാകുന്നത് തന്റെ പാർട്ടിക്കാരൻ തന്നെ ആയിരിക്കും. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളും യു.ഡി.എഫ്. പിടിച്ചു. ജോസ് കെ. മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും ജോസഫ് തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പി.ജെ.ജോസഫ് പറഞ്ഞതിനെക്കുറിച്ചറിയില്ല- മാണി സി. കാപ്പൻ

പാലാ: പാലായിൽ യു.ഡി.എഫ്. സ്ഥാനാർഥിയാകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് മാണി സി.കാപ്പൻ എം.എൽ.എ. പറഞ്ഞു. ഇതു സംബന്ധിച്ച് ഒന്നും അറിയില്ല. പി.ജെ.ജോസഫ് കുടുംബ സുഹൃത്താണ്. താനും എൻ.സി.പിയും ഇടതുമുന്നണിയിൽ തന്നെയാണ് ഇപ്പോഴുമെന്നും മാണി സി.കാപ്പൻ പറഞ്ഞു.