കൊണ്ടോട്ടി: ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തെ പരാമർശിച്ചത് സംസ്ഥാന വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പറഞ്ഞതനുസരിച്ചാണെന്ന് മേനകാഗാന്ധി. മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗിനെയാണ് മേനക ഇക്കാര്യം അറിയിച്ചത്.

മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും താനുദ്ദേശിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ചാണെന്നും അവർ വിശദീകരിച്ചു.

ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തെ മേനകാഗാന്ധി അവഹേളിച്ചെന്നുകാണിച്ച് യൂത്ത് ലീഗ് പ്രതിഷേധസൂചകമായി കത്തെഴുതിയിരുന്നു. മലപ്പുറത്തെ നേരിട്ടറിയുന്നതിന് ജില്ലയിലേക്ക് ക്ഷണിക്കുകയുംചെയ്തു. ഇതിനാണ് മേനക മറുപടി നൽകിയത്.

‘ഇതിനെ ഒരു സാമുദായികവിഷയമായി മാറ്റാൻ ആഗ്രഹിച്ചിട്ടില്ല. ഞാനും ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ആളാണ്. ഉദ്ദേശിച്ച യഥാർഥപ്രശ്നം ഏവരും മനസ്സിലാക്കണം’ -അവർ പറഞ്ഞു. വിവാദമായ പോസ്റ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി വീണ്ടും കത്തയച്ചു.