കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് തുടരുമെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയിലുള്ള കേസ് ജനതാത്പര്യം മാനിച്ച് പൂർത്തിയാക്കാൻ യു.ഡി.എഫ്., എൽ.ഡി.എഫ്. മുന്നണികൾ സഹായിക്കണമെന്ന്‌ അദ്ദേഹം അഭ്യർഥിച്ചു. കാസർകോട്ട്‌ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

സാക്ഷികളെ തടഞ്ഞുവെച്ചും നോട്ടീസ് നൽകാൻ പോലും സമ്മതിക്കാതെയും കേസ് നീട്ടാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് മുതലുള്ള അവിശുദ്ധബന്ധമാണ് ഇവർ തുടരാൻ ശ്രമിക്കുന്നത്. കേസ് കാരണം ഉപതിരഞ്ഞെടുപ്പ് വൈകുമെന്നു പറയുന്നവർ ഇത് പൂർത്തിയാക്കാൻ സഹകരിക്കുകയാണ് വേണ്ടത്. എന്നാൽ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.

കേസിൽ ഇനിയും 67-ഓളം സാക്ഷികളെ വിസ്തരിക്കാനുണ്ട്. 75 ശതമാനം തെളിവുകൾ ഹാജരാക്കുകയും സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള സാക്ഷികളെക്കൂടി വിസ്തരിച്ചുകഴിയുമ്പോൾ കേസ് വിജയിക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട് -അദ്ദേഹം പറഞ്ഞു.

അന്തരിച്ച മഞ്ചേശ്വരം എം.എൽ.എ. പി.ബി.അബ്ദുൾ റസാഖിന്റെ നായന്മാർമൂലയിലെ വസതി കെ.സുരേന്ദ്രൻ സന്ദർശിച്ചു.

ഹർജി ബുധനാഴ്ച പരിഗണിക്കും

യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന അബ്ദുൾ റസാഖ് 89 വോട്ടിന് ജയിച്ച മണ്ഡലമാണ് മഞ്ചേശ്വരം. കള്ളവോട്ടിന്റെ പേരിൽ അദ്ദേഹത്തിന്റെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. അബ്ദുൾ റസാഖിനെതിരേ നൽകിയ ഹർജി തുടരേണ്ടതുണ്ടോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി വ്യാഴാഴ്ച ആരാഞ്ഞിരുന്നു. മറുപടി നൽകാൻ അദ്ദേഹം രണ്ടുദിവസം ആവശ്യപ്പെട്ടതിനാൽ ഹർജി ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

സാക്ഷികളെ ഹാജരാക്കാനുള്ള ബാധ്യത സുരേന്ദ്രന്

ഹൈക്കോടതിയിൽ കെ.സുരേന്ദ്രൻ നടത്തുന്ന കേസിൽ സാക്ഷികളെ ഹാജരാക്കാനുള്ള ബാധ്യത അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. കേസ് പൂർത്തിയാക്കാൻ എൽ.ഡി.എഫ്. സമ്മതിക്കുന്നില്ലെന്ന വാദം വിടുവായത്തമാണ്. യു.ഡി.എഫ്. എന്തുചെയ്യുന്നുവെന്ന് നോക്കേണ്ട കാര്യം സി.പി.എമ്മിനില്ല. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് നടക്കാത്തത് കേസ് നിലനിൽക്കുന്നതിനാലാണ്. ഉപതിരഞ്ഞെടുപ്പ് എപ്പോൾ നടന്നാലും നേരിടാൻ എൽ.ഡി.എഫ്. സജ്ജമാണ്.

എം.വി.ബാലകൃഷ്ണൻ

സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടറി

സുരേന്ദ്രന് തോൽക്കുമെന്ന ഭയം

കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള കെ.സുരേന്ദ്രന്റെ അടവാണ് യു.ഡി.എഫിനെതിരേ ഉന്നയിച്ച ആരോപണം. കേസ് തീർത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടാൽ തോൽക്കുമെന്ന ഭീതിയാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ഇതുവരെ സാക്ഷികളെ വിസ്തരിച്ചതിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നു തെളിയിക്കാൻ സാധിച്ചിട്ടില്ല. ഇനി വിസ്തരിക്കാനുള്ളത് 67 പേരെയാണ്. ഇവരെ കോടതിക്കു മുൻപിൽ ഹാജരാക്കേണ്ട ബാധ്യത സുരേന്ദ്രനാണ്. കോടതി വാറന്റ്‌ പുറപ്പെടുവിച്ച സാക്ഷിയെ ആർക്കാണ് ഭീഷണിപ്പെടുത്തി തടയാൻ സാധിക്കുക. കേസ് പിൻവലിച്ച് ജനവിധി നേരിടാൻ സുരേന്ദ്രൻ തയ്യാറാകണം. തിരഞ്ഞെടുപ്പ് നേരിടാൻ യു.ഡി.എഫ്. സജ്ജമാണ്. കേസ് തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെങ്കിൽ അതിനും തയ്യാറാണ്.

എം.സി.ഖമറുദ്ദീൻ

യു.ഡി.എഫ്. കാസർകോട് ജില്ലാ ചെയർമാൻ