മഞ്ചേരി: കരുവാരക്കുണ്ടില്‍ ഒമ്പത് ബാലവിവാഹങ്ങള്‍ മഞ്ചേരി ഫസ്റ്റ് ക്‌ളാസ് കോടതി തടഞ്ഞു. 16-17 വയസ്സുള്ള വിദ്യാര്‍ഥിനികളുടെ വിവാഹമാണ് ബാലവിവാഹനിരോധന ഓഫീസര്‍ സാവിത്രീദേവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി വിലക്കിയത്. വിവാഹം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഫെബ്രുവരി 28-ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബാലസംരക്ഷണയൂണിറ്റ് പ്രദേശത്ത് അന്വേഷണം നടത്തി.

സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ കോടതിയെ സമീപിച്ചു. ഒമ്പതു വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി വാദംകേട്ടശേഷമാണ് 18 വയസ്സിനുമുമ്പ് ഇവരെ വിവാഹം കഴിച്ചയയ്ക്കരുതെന്ന് ഉത്തരവിട്ടത്. കോടതി ഉത്തരവ് ലംഘിച്ച് വിവാഹം നടത്തിയാല്‍ അതിന് സാധുതയുണ്ടാവില്ല. കൂട്ടുനില്ക്കുന്നവര്‍ക്ക് രണ്ടുവര്‍ഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കും.

നാലുമാസങ്ങള്‍ക്കുമുമ്പ് നിലമ്പൂര്‍ മൂത്തേടത്ത് 12 ബാലവിവാഹങ്ങള്‍ നിലമ്പൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി തടഞ്ഞിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികളുടെ വിവാഹം നടത്താനാണ് രക്ഷിതാക്കള്‍ ശ്രമിച്ചത്.