കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ബി.ഡി.എസ്. വിദ്യാർത്ഥിനി മാനസയെ വെടിവെച്ചുകൊന്ന കേസിൽ രാഖിലിന് തോക്ക് കൈമാറിയ ആളെയും ഇടനിലക്കാരനെയും കൊച്ചിയിൽ എത്തിച്ചു. ബിഹാറിലെ മുംഗേർ ജില്ലയിലെ പർസന്തോ ഗ്രാമത്തിലെ സോനു കുമാർ (24), ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ്‌ കുമാർ വർമ (24) എന്നിവരെയാണ് വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചത്.

റൂറൽ എസ്.പി. ഓഫീസിലെത്തിച്ച പ്രതികളെ എസ്.പി. കെ. കാർത്തികിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. തുടർന്ന് കോതമംഗലം സ്റ്റേഷനിലെത്തിച്ചു. തിങ്കളാഴ്ച കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികളെ ഹാജരാക്കും.

രാഖിലിന് തോക്ക് കൈമാറിയത് കൂടാതെ മറ്റ് നിർണായക വിവരങ്ങളും ഇവരിൽനിന്നു ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

സോനു കുമാറിന്റെ ഫോണിൽനിന്ന് ചില മലയാളികളുടെ ഫോൺ നമ്പറുകൾ ലഭിച്ചിട്ടുണ്ട്.

രാഖിലും കൂട്ടുകാരനായ ആദിത്യനും ബെംഗളൂരുവിൽ നടത്തിയ ഇന്റീരിയർ സ്ഥാപനത്തിൽ സോനു ജോലി ചെയ്തിരുന്നു. ഇതിനാൽത്തന്നെ മലയാളികളുടെ ഫോൺ നമ്പറുകൾ ഫോണിൽ ഉണ്ടാകുന്നതിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ, ഇതിൽ ആർക്കെങ്കിലും തോക്ക് കൈമാറിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. ആറു മാസത്തിനിടെ പ്രതികളുടെ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

കേസിൽ പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് എസ്.പി. കെ. കാർത്തിക് പറഞ്ഞു. കൂടുതൽ പ്രതികളുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. ഇതിനായി വിശദമായ അന്വേഷണം വേണ്ടിവരും.

ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിഹാർ പോലീസിന്റെ സഹായം ലഭിച്ചിരുന്നുവെന്നും എസ്.പി. പറഞ്ഞു.

ബിഹാറിലെത്തിയ സംഘത്തിൽ കോതമംഗലം എസ്.ഐ. മാഹിൻ സലീം, എസ്.ഐ. ബെന്നി, സി.പി.ഒ. എന്നിവരെ കൂടാതെ ഹോം ഗാർഡ് സാജുവും ഉണ്ടായിരുന്നു. നേരത്തെ കേന്ദ്ര സേനയിലുണ്ടായിരുന്നപ്പോൾ ബിഹാറിൽ സാജു ജോലി ചെയ്തിട്ടുണ്ട്. പ്രാദേശിക ഭാഷയും അറിയാം. ഇതിനാൽ പ്രത്യേകം താത്പര്യമെടുത്ത് സംഘത്തിനോടൊപ്പം ഇദ്ദേഹത്തെ അയയ്ക്കുകയായിരുന്നുവെന്നും എസ്.പി. കൂട്ടിച്ചേർത്തു.

അതേസമയം മനീഷ്‌ കുമാർ വർമ തോക്ക് ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. മനീഷ്‌ കുമാറിന്റെ മൊബൈലിൽനിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. രാഖിലിനെ പരിശീലിപ്പിക്കുന്ന വീഡിയോ ആണോ ഇതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. രാഖിൽ ബിഹാറിൽ പരിശീലനം നേടിയ കാര്യം പോലീസ് ഉറപ്പിച്ചിട്ടുണ്ട്. മാനസയുടെ കൊലപാതകത്തിന് ഉപയോഗിച്ച തോക്കാണോ ഇതെന്നും പോലീസ് പരിശോധിക്കും.