കൊച്ചി: മാനസയുടെ കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി ബിഹാറിലെത്തിയ അന്വേഷണ സംഘം നേരിടേണ്ടിവന്നത് ആക്‌ഷൻ സിനിമയെ വെല്ലുന്ന രംഗങ്ങൾ. രാഖിലിന് തോക്ക് കൈമാറിയ സോനുകുമാറിനെ ആദ്യം വലയിൽ വീഴ്‌ത്താനാണ് പോലീസ് തീരുമാനിച്ചത്. തോക്ക് പോലുള്ള വസ്തുക്കളുടെ സെക്കൻഹാൻഡ് വിൽപ്പന നടത്തുന്നയാളാണ് സോനു എന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. ‘പഴയ തോക്ക് കിട്ടുമോ’ എന്നു ചോദിച്ചാണ് കേരളത്തിൽ നിന്നുള്ള പോലീസ് സംഘം സോനുകുമാറിനെ ബന്ധപ്പെട്ടത്. കോതമംഗലം എസ്.ഐ. മാഹിൻ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിഹാറിലെത്തിയിരുന്നത്.

പട്നയിൽ നിന്ന് 220 കിലോമീറ്റർ മാറിയുള്ള മുംഗേർ ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്താൻ സോനുകുമാർ അറിയിച്ചു. ആയുധ വില്പനക്കാരായതിനാൽ ആക്രമണ സാധ്യതയുണ്ടെന്ന് പോലീസ് കണക്കുകൂട്ടിയിരുന്നു. അതിനാൽ, നേരത്തേതന്നെ മുംഗേർ എസ്.പി.യുടെ സഹായം തേടി. എസ്.പി. സ്ക്വാഡിനെ വിട്ടുനൽകി.

സാധാരണ വേഷത്തിലാണ് പോലീസ് സംഘം എത്തിയതെങ്കിലും സോനുവിന്റെ സംഘത്തിലെ ചിലർക്ക് ബിഹാർ പോലീസിലെ ഉദ്യോഗസ്ഥരെ തിരിച്ചറിയാനായി. ഇവർ ബഹളം വെച്ചതോടെ സോനുവിനെ പിടിക്കാൻ പോലീസ് ശ്രമിച്ചു. ഇതോടെ, കൂട്ടാളികൾ ആയുധങ്ങളുമായി ആക്രമിക്കാൻ ഒരുങ്ങി.

ഉടൻ എസ്.പി.യുടെ സ്ക്വാഡിലുള്ള ബിഹാർ പോലീസ് സംഘം നിറയൊഴിച്ചു. വെടിപൊട്ടിയതോട ഇവർ പിൻവാങ്ങി. ഏറെനേരം നീണ്ട സാഹസിക ഓപ്പറേഷന്‌ ഒടുവിലാണ് സോനുവിനെ കീഴടക്കി അന്വേഷണ സംഘം സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിച്ചത്.

ഇവിടെ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ആയുധവ്യാപാര സംഘത്തിന്റെ ഏജന്റായ മനീഷ്‌കുമാർ വർമയുടെ കാര്യം വെളിപ്പെടുത്തുന്നത്. തോക്ക് ലഭിക്കാൻ തന്നെ സഹായിച്ചത് മനീഷാണെന്നും മനീഷാണ് രാഖിലിനെ കാറിൽ കൂട്ടിക്കൊണ്ടുവരാൻ സഹായിച്ചതെന്നും ഇയാൾ അറിയിച്ചു. ഇതോടെ മനീഷിനെ പിടികൂടുന്നതിനായി സംഘം ഇറങ്ങി. മനീഷ്‌കുമാർ വർമയെ പട്‌നയിൽ നിന്ന് പ്രയാസമില്ലാതെ അറസ്റ്റു ചെയ്യാൻ പോലീസിനായി.