കണ്ണൂർ: മാനസയുടെ ജീവനറ്റ ശരീരം നാറാത്ത് രണ്ടാംമൈലിലെ ‘പാർവണ’ത്തിലേക്ക് ഞായറാഴ്ച രാവിലെ എത്തിച്ചപ്പോൾ ഉറ്റവരുടെയും ബന്ധുക്കളുടെയും കൂട്ടനിലവിളിയുയർന്നു. അമ്മ സബീനയും അച്ഛൻ മാധവനും സഹോദരൻ അശ്വന്തും പൊട്ടിക്കരഞ്ഞു.

ഒരുമാസംമുമ്പ് വീട്ടിലെത്തിയ മാനസ ഓണത്തിന് നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് കോതമംഗലത്തേക്ക് പോയത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന മാനസയെ വെള്ളിയാഴ്ചയാണ് വാടകവീട്ടിൽവെച്ച് രാഖിൽ എന്ന യുവാവ് വെടിവെച്ചുകൊന്നത്‌. അതേ തോക്കുകൊണ്ട്‌ നിറയൊഴിച്ച്‌ രാഖിലും ജീവനൊടുക്കി. മാനസയുടെ അമ്മാവൻ സനാതനൻ, വലിയച്ഛൻ വിജയൻ, സി.പി.എം. ലോക്കൽ സെക്രട്ടറി എൻ.അശോകൻ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങാൻ കോതമംഗലത്തേക്ക് പോയിരുന്നത്.

മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വിവിധ രാഷ്ട്രീയപ്പാർട്ടികൾക്കും സംഘടനകൾക്കുംവേണ്ടി പുഷ്പചക്രങ്ങൾ സമർപ്പിച്ചു. മന്ത്രി എം.വി.ഗോവിന്ദൻ, കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി., എം.എൽ.എ.മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കണ്ണൂർ മേയർ അഡ്വ. ടി.ഒ.മോഹനൻ, സി.പി.എം. നേതാക്കളായ പി.കെ.ശ്രീമതി, എം.വി.ജയരാജൻ, ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. പോലീസ് ഏറെ പണിപ്പെട്ടാണ് ആളുകളെ നിയന്ത്രിച്ചത്.


പ്രശ്‌നം പരിഹരിക്കാമെന്ന് പ്രതീക്ഷിച്ചു; പോലീസ് ഇടപെട്ടതോടെ പകയായി  


കൊച്ചി: ജൂലായ് നാലിന് രാഖില്‍ കോതമംഗലം നെല്ലിക്കുഴിയില്‍ മുറിയെടുത്ത് താമസം തുടങ്ങിയത് പരസ്പരം സംസാരിച്ച് മാനസയുമായുള്ള പ്രശ്‌നം പരിഹരിക്കാനായിരുന്നു. എന്നാല്‍ ഏഴിന് മാനസയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് താക്കീത് നല്‍കിയതോടെ രാഖില്‍ തീരുമാനം മാറ്റിയെന്നാണ് അനുമാനം.

ജൂലായ് ഏഴുമുതല്‍ 12-ാം തീയതി വരെയുള്ള ദിവസങ്ങളില്‍ രാഖിലുമായി ഫോണില്‍ ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും മൊഴിയെടുക്കാനാണ് തീരുമാനം. സംഭവം നടക്കുന്നതിന്റെ ഒരുമാസം മുമ്പുവരെ രാഖില്‍ മാനസയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

തോക്കിന്റെ ഉറവിടംതേടി പോലീസ് ബിഹാറിലേക്ക്

കൊച്ചി: മാനസയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ തോക്കിന്റെ ഉറവിടംതേടി പത്തംഗ പോലീസ് സംഘം ബിഹാറിലേക്ക് പോകും. ബിഹാര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

രാഖിലിന്റെ ഫോണ്‍രേഖകളില്‍നിന്നും സുഹൃത്തുക്കളുടെ മൊഴികളില്‍നിന്നും ഇയാള്‍ ബിഹാറില്‍ യാത്രനടത്തിയതായി വ്യക്തമായിട്ടുണ്ട്. ജൂലായ് 12 മുതല്‍ എട്ടുദിവസമാണ് കേരളത്തിനുപുറത്ത് തങ്ങിയത്. തോക്കുവാങ്ങാന്‍ പോയതാണെന്നാണ് വിലയിരുത്തല്‍. പരിചയമില്ലാത്തവര്‍ക്ക് ബിഹാറില്‍പ്പോയി നേരിട്ട് തോക്കുവാങ്ങാനാകില്ല. ഈ മേഖലയില്‍ ബന്ധമുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് പോലീസ് കണക്കുകൂട്ടുന്നു. രാഖിലിന് തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചുവെന്നും അന്വേഷണസംഘം ഉറപ്പിച്ചിട്ടുണ്ട്. ഇത് എവിടെനിന്നാണെന്നതും കണ്ടെത്തേണ്ടതുണ്ട്.

പ്രത്യേക പരിശീലനം ലഭിച്ചവരെയാണ് ബിഹാറിലേക്ക് പോകാനായി എറണാകുളം റൂറല്‍ എസ്.പി. കെ. കാര്‍ത്തിക് തിരഞ്ഞെടുത്തിരിക്കുന്നത്.

കോതമംഗലത്തുനിന്ന് കണ്ണൂരിലേക്കുപോയ പോലീസ് സംഘം പ്രാഥമികാന്വേഷണത്തിനുശേഷം തിരികെയെത്തി. രാഖില്‍ ഒന്നിലധികം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.