പത്തനംതിട്ട: സ്‌കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും മുപ്പത്തിയയ്യായിരം രൂപ പിഴയും ശിക്ഷ. കന്യാകുമാരി സ്വദേശി രാജനെയാണ് (39) ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ ഒന്നാം നമ്പർ സെഷൻസ് ജഡ്ജി സാനു എസ്.പണിക്കരാണ് വിധി പ്രഖ്യാപിച്ചത്.

വിചാരണയ്ക്കിടെ ഇര കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ കുറ്റം തെളിയിച്ചു.

2009-ലാണ് കേസിനാസ്പദമായ സംഭവം. ഇരയും മാതാപിതാക്കളും താമസിച്ചിരുന്ന വീടിന് സമീപം പള്ളിയുടെ നിർമാണത്തിന് വന്നതാണ് പ്രതി. ഇരയുടെ വീട്ടിലെ കുളിമുറിയിലുംമറ്റുമാണ് ബലാത്സംഗം നടന്നത്.

വിചാരണയ്ക്കിടെ പെൺകുട്ടി പ്രതിക്ക് അനുകൂലമായി കൂറുമാറിയപ്പോൾ, മുമ്പ് ഡോക്ടറോട് പെൺകുട്ടി പറഞ്ഞ മൊഴിയും ഇരയെ ഗർഭഛിദ്രം നടത്തുന്നതിനായി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയും ഡി.എൻ.എ. ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

കോടതിയിൽ കളവായി മൊഴി പറഞ്ഞതിന് ഇരയെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരയുടെ പ്രായം പരിഗണിച്ചും രണ്ടുവയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുള്ളതിനാലും കുടുംബജീവിതം നയിക്കുന്നതിനാലും നടപടി ഒഴിവാക്കുന്നതായി വിധിന്യായത്തിൽ കോടതി പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. എസ്.മനോജ് ഹാജരായി.

Content Highlights; Man sentenced to 15 years in prison for schoolgirl’s rape