വെഞ്ഞാറമൂട്: എഴുപത്തിയഞ്ചുകാരി പളനി അമ്മാളിനും മകൻ സൗന്ദർരാജിനും ഇത് സന്തോഷത്തിന്റെ നിമിഷങ്ങൾ. മരിച്ചെന്ന് കരുതിയ അമ്മയെ വെഞ്ഞാറമൂട് ആശ്രയതീരം ചാരിറ്റി വില്ലേജിൽ വച്ച് പത്ത് വർഷത്തിനുശേഷം കണ്ടെത്തിയപ്പോൾ സൗന്ദർരാജിന്റെ കണ്ണു നിറഞ്ഞു, അമ്മയുടെയും.

മാനസിക പ്രശ്നങ്ങൾ കാരണം എവിടെനിന്നോ വണ്ടി കയറി കേരളത്തിലെത്തിയതാണ് തമിഴ്‌നാട് ശിവഗംഗ ഹൊറസൂർ സ്വദേശിയായ പളനി അമ്മാൾ. ലീഗൽ സർവീസ് സെൽ അതോറിറ്റി അധികൃതരാണ് വെഞ്ഞാറമൂട്ടിലെ ആശ്രയതീരം അഗതി മന്ദിരത്തിലെത്തിച്ചത്. ഇവിടെ ചികിത്സയും സുരക്ഷയും നൽകി വന്നു. കുറച്ചു നാൾ മുമ്പ് മാനസിക നിലയിൽ മാറ്റം വന്ന അമ്മ തന്റെ നാടിനെക്കുറിച്ച് സൂചനകൾ നൽകി. സ്ഥാപന മേധാവി തോന്നയ്ക്കൽ ഉവൈസ് അമാനിയുടെ നേതൃത്വത്തിൽ അനാഥാലയ അധികൃതർ പലതവണ തമിഴ് നാട്ടിൽ പോയി. മാസങ്ങൾക്ക് ശേഷം ഈറോഡിൽ ഹോട്ടലിൽ പണിയെടുക്കുന്ന സൗന്ദർ രാജിനെ കണ്ടെത്തി. അദ്ദേഹം അമ്മയെ കാണാതായ കാര്യങ്ങൾ അനാഥാലയ അധികൃതരോട് പറഞ്ഞു. ഏറെനാൾ അന്വേഷിച്ചിട്ടും കണ്ടെത്താതിരുന്നതിനാൽ അമ്മ മരിച്ചെന്ന് കരുതി ഇരിക്കുകയായിരുന്നു മകൻ. അനാഥാലയ അധികൃതർ സൗന്ദർരാജിനോട് ആശ്രയതീരത്ത് എത്താൻ പറഞ്ഞു. ഞായറാഴ്ച സൗന്ദർരാജ് ഇവിടെയെത്തി. അമ്മയെ തിരിച്ചറിഞ്ഞ മകൻ കണ്ണീരോടെ അവരെ പുണർന്നു.

മുൻപുള്ളതിനേക്കാൾ പ്രസരിപ്പാണ് അമ്മയ്ക്കെന്ന്‌ മകൻ പറഞ്ഞു. അനാഥമന്ദിരത്തിലെ സ്നേഹത്തെക്കുറിച്ചാണ് അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. ആശ്രയമില്ലാത്ത 89 പേരെ ഈ സ്ഥാപനത്തിൽ സംരക്ഷിക്കുന്നുണ്ട്.

ഹൃദ്യമായ യാത്രയയപ്പാണ് അമ്മയ്ക്കും മകനും നൽകിയത്. ആശ്രയതീരം ചെയർമാൻ തോന്നയ്ക്കൽ ഉവൈസ് അമാനി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ അരുണ സി.ബാലൻ, പഞ്ചായത്തംഗം വെഞ്ഞാറമൂട് സുധീർ, മൈത്രി നഗർ റസിഡന്റ്സ്‌ അസോസിയേഷൻ പ്രസിഡന്റ് ദിൽഷാ, സെക്രട്ടറി അനിൽ കുമാർ, ജനമൈത്രി പോലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർക്കു പുറമെ ചാരിറ്റി വില്ലേജ് ഭാരവാഹികളും യാത്രയയ്ക്കാൻ എത്തിയിരുന്നു.