കൊല്ലം : ഇവർക്കിത് വെറുമൊരു മാവല്ല. അമ്മയുടെ സ്നേഹത്തണലിന്റെ ഓർമകൂടിയാണ്. അതുകൊണ്ടാണതിനെ വീട്ടിനുള്ളിലാക്കി ചേർത്തുവെച്ചിരിക്കുന്നത്. കൊല്ലം മാടൻനട അപ്‌സരയിൽ സുനിലാണ് അൻപതുവർഷംമുൻപ്‌ അമ്മനട്ട മാവിനെ ഒരു കുടുംബാംഗത്തെപ്പോലെ വീട്ടിനുള്ളിലാക്കി പരിപാലിക്കുന്നത്. മാവ് വീടിനോടു ചേർത്തുവെച്ചാൽ വേരുകൾകൊണ്ട് ഭിത്തികൾ പൊളിയും കാറ്റ് ഉണ്ടാകുമ്പോൾ വീടിന് അപകടമാകും എന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷേ, വർഷം പത്തുപിന്നിട്ടിട്ടും അത്തരമൊരു പ്രശ്നവും വീടിനെയും വീട്ടുകാരെയും അലട്ടുന്നില്ല.

അമ്മ പണ്ടുമുതലേ പറമ്പുനിറയെ ഔഷധച്ചെടികളും മരങ്ങളും നടുമായിരുന്നു. ഈ മാവ് അന്ന് വീട്ടുമുറ്റത്തുവെച്ചതാണ്. പിന്നീട് വീടിന് സൗകര്യം പോരാതായപ്പോൾ പുതുക്കിപ്പണിയാൻ തീരുമാനിച്ചു. വീടിന് വലുപ്പംകൂട്ടണമെങ്കിൽ മാവുമുറിക്കാതെ പറ്റില്ലെന്നായി. മുറിക്കാതെ എങ്ങനെ വീടുവെക്കാമെന്ന് ആലോചിച്ചു. പ്ലാൻ വരയ്ക്കാൻവന്ന പലരും പിൻമാറി. ഒടുവിൽ ആർക്കിടെക്ട് ബാബുരാജ് ആഗ്രഹത്തിനൊപ്പംനിന്നു. അങ്ങനെയാണ് ഇത് പൂർത്തിയാക്കിയത്. മാവിന് സ്വതന്ത്രമായി വളരാനിടം കൊടുക്കുംവിധം കോൺക്രീറ്റ് ചെയ്ത്, മഴവെള്ളം മാവിൻചുവട്ടിൽ വീഴാനും സൗകര്യമുള്ളരീതിയിലാണ് ഡിസൈൻ ചെയ്തത്.

എല്ലാവർഷവും ഇലകാണാത്തവിധം മാങ്ങനിറയും. അണ്ണാനും കിളികൾക്കും മരപ്പട്ടികൾക്കും കുശാലാണ്. ഒപ്പം ഞങ്ങൾക്കും കിട്ടും കുറേമധുരം. 60 അടി നീളമുണ്ടെങ്കിലും മാങ്ങാപറിക്കാൻ ടെറസിൽ കയറിയാൽ മതിയെന്ന സൗകര്യവുമുണ്ട്. രണ്ടാംനിലയിൽ കസേരയിട്ട് ഇരുന്നാലും തണലും തണുപ്പുമേകി കൂടെയുണ്ടാവും. അമ്മ കൂടെയുള്ള തോന്നലാണ് ഞങ്ങൾക്ക്. എന്നും രാവിലെ മാവിനൊരുകുടം വെള്ളംകൊടുത്തിട്ടേ ഞങ്ങൾ ഭക്ഷണം കഴിക്കാറുള്ളു-സുനിൽ പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ ആയിരുന്ന സുനിലും എസ്.എൻ. കോളേജ് ഫിലോസഫിവകുപ്പ് മേധാവിയായിരുന്ന ബിന്ദുവും മകൻ വൈശാഖുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.

തിരുക്കൊച്ചി നിയമസഭയിൽ ഏറ്റവും പ്രായംകുറഞ്ഞ സാമാജികനായിരുന്ന പി.കെ.യശോധരന്റെ മകനാണ് സുനിൽ. അമ്മ കെ.സി.സരസമ്മ ആർ.എസ്.പി. മഹിളാവിഭാഗം ദേശീയനേതാവായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ളോയീസ് ചെയർപേഴ്‌സണുമായിരുന്നു. അമ്മയുടെ പേരിൽ എല്ലാവർഷവും സമൂഹത്തിന് നന്മചെയ്യുന്നവർക്കായി പുരസ്കാരം നൽകാറുണ്ട്. അതും ഈ മാവിനെ സാക്ഷിയാക്കിയാണ് നൽകുന്നത്.