കൊച്ചി: കഴിഞ്ഞദിവസം ജീവനൊടുക്കിയ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിന്റെ (28) പങ്കാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജഗതി തൈക്കാട് സ്വദേശി ആറ്റുവരമ്പത്ത് ജിജു രാജിനെ (36)യാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റില തൈക്കൂടത്തെ സുഹൃത്തിന്റെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് തനിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളും തുറന്നുപറഞ്ഞതിനു പിന്നാലെയാണ് അനന്യ ആത്മഹത്യ ചെയ്തിരുന്നത്. ജിജുവിന്റേതും ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അനന്യയുടെ വേർപാടിൽ മനംനൊന്ത് ജിജു ആത്മഹത്യ ചെയ്തതാകുമെന്നാണ് കരുതുന്നത്. അനന്യയുടെ മരണത്തെ തുടർന്ന് ജിജു രണ്ടുദിവസമായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ബ്യൂട്ടിപാർലർ നടത്തി വന്നിരുന്ന ജിജു നാലുമാസം മുമ്പാണ് കൊച്ചിയിലെത്തിയത്. കുറച്ചുകാലമായി അനന്യയോടൊപ്പം ഇടപ്പള്ളിയിലെ ഫ്ളാറ്റിലാണ് ജിജു താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് ആദ്യം കണ്ടതും ജിജുവായിരുന്നു.

വ്യാഴാഴ്ച അനന്യയുടെ നാടായ കൊല്ലം പെരുമണ്ണിൽ മൃതദേഹം എത്തിച്ച് ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം രാത്രിയാണ് വൈറ്റില ജവഹർ റോഡിലെ സുഹൃത്തിന്റെ വീട്ടിൽ ജിജു എത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സുഹൃത്ത് പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരട് പോലീസ് മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് ജിജുവിൽ നിന്നും പോലീസ് മൊഴിയെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ ജിജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ജീവനൊടുക്കിയത്.

അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളിയും മരിച്ചതോടെ ഇരുവരുടെയും മരണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ട്രാൻസ്‌ജെൻഡർ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് കൈമാറും

അനന്യകുമാരി അലക്സിെന്റ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ശനിയാഴ്ച പോലീസിന് കൈമാറും. എറണാകുളം മഡിക്കൽ കോളജിൽ ഫൊറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.