കൊട്ടിയം (കൊല്ലം) : ഏലായിലെ കുറ്റിക്കാട്ടിനുള്ളിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരവിപുരം ഇടക്കുന്നത്ത് തൊടിയിൽ വീട്ടിൽ വിനീത് (30) ആണ് മരിച്ചത്. വിജയന്റെയും രുക്‌മിണിയുടെയും മകനാണ്. ഇയാളുടെ ബന്ധുവും മൂന്നുകുട്ടികളുടെ അമ്മയുമായ ഇരുപത്തെട്ടുകാരിയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെ ഇരവിപുരം ഇടക്കുന്നത്ത് കോളനിക്കടുത്തുള്ള കാരിക്കുഴി ഏലായിലാണ് സംഭവം. ഇവിടെ പടർന്നുകിടക്കുന്ന പുല്ലുകൾക്കിടയിൽക്കയറി ഇവർ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. പുല്ലുകൾക്കും തീ പിടിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഓടിക്കൂടിയ നാട്ടുകാർ ഇവരെ തീയിൽനിന്ന്‌ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിനീത് മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി.

കൊല്ലത്തുനിന്ന്‌ സ്റ്റേഷൻ ഓഫീസർ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘമെത്തിയാണ് തീകെടുത്തിയത്. സംഭവമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് സംഘം ഇരവിപുരം റെയിൽവേ ലെവൽ ക്രോസിൽ 15 മിനിറ്റോളം കുടുങ്ങിക്കിടന്നു. രക്ഷാപ്രവർത്തനം നടത്താൻ ഇതുകാരണം വൈകി. ആളിക്കത്തുന്ന തീയിൽനിന്ന് നാട്ടുകാർ ഏറെ സാഹസികമായാണ് ഇരുവരെയും പുറത്തെടുത്തത്. ഇരവിപുരം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവസ്ഥലം പോലീസ് സീൽ ചെയ്തു. ബുധനാഴ്ച സയന്റിഫിക് വിദഗ്ധരടക്കം എത്തി വിശദമായ പരിശോധന നടത്തും.

content highlights: man dies in suicide attempt along with lover