വൈപ്പിൻ: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ വീട്ടിലെത്തി യുവാവിന്റെ അക്രമം. മർദനത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിലാണ്. സംഭവത്തിൽ ഞാറയ്ക്കൽ പോലീസ് മാലിപ്പുറം വളപ്പ് സ്വദേശി ജസ്റ്റിൻ ജോസിന്റെ (22) പേരിൽ കേസെടുത്തു. വെള്ളിയാഴ്ച പകൽ നായരമ്പലം കുടുങ്ങാശ്ശേരിയിലാണ് സംഭവം.

വീട്ടിൽ മറ്റാരുമില്ലാത്തപ്പോഴാണ് യുവാവ് എത്തിയതെന്ന് പോലീസ് പറയുന്നു. ഫോൺ എടുക്കാതായതിനെ തുടർന്നാണത്രെ യുവാവ് വീട്ടിൽ എത്തിയത്. വാതിൽ തുറന്ന ഉടനെ പെൺകുട്ടിയെ കയറിപ്പിടിക്കുകയും മർദിക്കുകയുമായിരുന്നെന്ന് വീട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണും തകർത്തു. മുഖത്ത് അടിക്കുകയും ശരീത്തിൽ ചവിട്ടുകയും ചെയ്തിട്ടുണ്ടത്രേ.

ഞാറയ്ക്കൽ സർക്കാശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയിൽനിന്ന് മൊഴിയെടുക്കാൻ പോലീസ് വിസമ്മതിച്ചതായും പരാതിയുണ്ട്. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിക്കാനായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. ഇതിനിടെ യുവാവിനെ പിടികൂടിയിട്ടും പോലീസ് വിട്ടുകളഞ്ഞതായും ആക്ഷേപമുണ്ട്.