കോട്ടയം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന അധ്യാപികയിൽനിന്നും നാലുപവന്റെ സ്വർണമാല തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ (29) യാണ് കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തുടർച്ചയായി ദുസ്വപ്നങ്ങൾ കാണാറുള്ള അധ്യാപിക പ്രേതാനുഭവങ്ങൾ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുർമന്ത്രവാദിയുമായി പരിചയപ്പെടുന്നത്. പാരാ സൈക്കോളജിയിൽ റിസർച്ച് ഫെല്ലോ ആണെന്ന് ഇയാൾ പറഞ്ഞിരുന്നു. പ്രേതബാധ ഒഴിപ്പിക്കുന്നതിന് ഇയാൾ രണ്ടുതവണ അധ്യാപികയുടെ വീട്ടിലെത്തി.

തുടർന്ന് ബാധ ആവാഹിക്കാനെന്നുപറഞ്ഞ് ഇയാൾത്തന്നെ കൊണ്ടുവന്ന മഞ്ചാടിക്കുരുവും രുദ്രാക്ഷവും കവടിയുമിട്ട ഒരു െഡപ്പിയിൽ അധ്യാപിക ധരിച്ചിരുന്ന നാലുപവന്റെ മാല വെയ്ക്കാൻ ആവശ്യപ്പെട്ടു. നാലുദിവസംകൊണ്ട് പ്രേതം മാലയിലേയ്ക്ക് ആവാഹിക്കപ്പെടുമെന്നും അതിനുശേഷം മാല തിരിച്ചെടുക്കാമെന്നും ധരിപ്പിച്ചു.

നാലുദിവസംകഴിഞ്ഞ് െഡപ്പി തുറക്കട്ടേയെന്ന് അധ്യാപിക ചോദിച്ചു. ഗുരുവും മഹാമാന്ത്രികനുമായ പുരോഹിതനെകണ്ട് ചോദിച്ചിട്ട് ആകാമെന്ന് ഇയാൾ അറിയിച്ചു. സംശയംതോന്നിയ വീട്ടമ്മ െഡപ്പി തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന്, കോട്ടയം ഡിവൈ.എസ്.പി.ക്ക് പരാതി നൽകുകയായിരുന്നു.

ഡേവിഡ്‌ ജോൺ എന്ന വ്യാജ ഫെയ്‌സ്ബുക്ക്‌ പ്രൊഫൈലിലൂടെയാണ് ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്. ഇങ്ങനെ നിരവധി സ്ത്രീകളെ പറ്റിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പരാതി നൽകിയിട്ടില്ല.

തർക്കങ്ങളിൽ ഇടപെട്ട് ഭീഷണിപ്പെടുത്തിയും പ്രതി പലരിൽനിന്നും പണംതട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തൃശ്ശൂർ സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി ഡി. ശില്പയുടെ നിർദേശത്തെത്തുടർന്ന് എ.എസ്.ഐ. കെ.ആർ. അരുൺകുമാർ, പി.ബി. ഉദയകുമാർ, സി.പി.ഒ.മാരായ കെ.എൻ. രാധാകൃഷ്ണൻ, പി.എം. നിസാർ എന്നിവരടങ്ങുന്ന സംഘമാണ് കട്ടപ്പനയിൽനിന്നും പ്രതിയെ പിടികൂടിയത്. ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ കെ. ഷിജിയുടെ നേതൃത്വത്തിലാണ് അന്വേണം. ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡുചെയ്തു.