മുഹമ്മദ് ഷാൻ
 മുഹമ്മദ് ഷാൻ

കറുകച്ചാൽ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് പിടികൂടി. കൊല്ലം കടയ്ക്കൽ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാൻ (19) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനിലായി ഷാനിന്റെ പേരിൽ മോഷണമടക്കം 12 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒരുവർഷം മുൻപാണ് ഷാൻ 17-കാരിയുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. പോലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച പെൺകുട്ടിയുടെ പിതാവിന്റെ ശാന്തിപുരത്തെ വീട്ടിൽ ആളില്ലെന്നും നേരിട്ട് കാണണമെന്നും പറഞ്ഞ് പെൺകുട്ടി ഷാനെ വിളിച്ചുവരുത്തി. രാത്രി 11.30-ഓടെ വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി ഷാനിനൊപ്പം പിതാവിന്റെ വീട്ടിലെത്തി. ഇവിടെ വെച്ച് ഷാൻ പെൺകുട്ടിയെ പീഡിപ്പിച്ചു. ബന്ധുക്കൾ എത്തിയപ്പോഴേക്കും ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയോടി. തുടർന്ന് ഷാനിന്റെ സ്‌കൂട്ടറിൽ കൊല്ലത്തേക്ക് പോകുകയായിരുന്നു.

വിവരം ഉടൻ ബന്ധുക്കൾ കറുകച്ചാൽ പോലീസിൽ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ കൊല്ലം കടയ്ക്കലിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയർ പഞ്ചറായി. തുടർന്ന് സ്‌കൂട്ടറും ഉന്തി റോഡിലൂടെ സഞ്ചരിച്ച ഇരുവരെയും പോലീസ് പിടികൂടി. പെൺകുട്ടിയുടെ ചിത്രം തിരിച്ചറിഞ്ഞ കടയ്ക്കൽ പോലീസ് വിവരം കറുകച്ചാൽ സി.ഐ. കെ.എൽ.സജിമോനെ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഷാനെ റിമാൻഡ് ചെയ്തു.

Content Highlights: Man arrested for molesting woman he met on Facebook