കൊൽക്കത്ത: നന്ദിഗ്രാമിൽ പ്രചാരണംനടത്തുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലുംവീണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഇടതുകാലിന് പരിക്കേറ്റു. നാലഞ്ചുപേർ തന്നെ മനഃപൂർവം തള്ളിയിട്ടതാണെന്ന് മമത പറഞ്ഞു. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും അവർ ആരോപിച്ചു. ഇസഡ് പ്ളസ് വിഭാഗം സുരക്ഷയുള്ളയാളാണ് മമത.

ഹാൽദിയയിലെ പത്രികാ സമർപ്പണത്തിനുശേഷം നന്ദിഗ്രാമിൽ പ്രചാരണത്തിനായി തിരിച്ചെത്തിയ മമത ക്ഷേത്രപരിപാടിയിൽ പങ്കെടുത്ത് തിരിച്ചിറങ്ങുമ്പോഴായിരുന്നു സംഭവം. ജനക്കൂട്ടത്തിനിടയിൽനിന്ന് ചിലർ മനഃപൂർവം തള്ളിയപ്പോൾ താൻ വീണുപോവുകയായിരുന്നുവെന്ന് മമത പറഞ്ഞു. ഇടതുകാലിന് സാരമായി പരിക്കേറ്റെന്നും തലയിലും മുഖത്തും പരിക്കുണ്ടെന്നും മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരിക്കേറ്റതിനാൽ തുടർന്നുള്ള പരിപാടികൾ റദ്ദാക്കി മമത കൊൽക്കത്തയ്ക്ക് മടങ്ങി.