കൊച്ചി: ലോക്ഡൗൺ ആശങ്കകളുടെ മരുഭൂമിയിൽനിന്ന് ജന്മനാടിന്റെ തണലിലേക്ക് വന്നണയുമ്പോൾ പൃഥ്വിരാജിനോട് അമ്മ മല്ലിക സുകുമാരൻ ആദ്യംപറഞ്ഞത് ഒരു കാര്യംമാത്രം: ‘‘രാജൂ, നന്നായിട്ടൊന്ന് ഉറങ്ങൂ...’’

ജോർദാനിൽനിന്ന് തിരിച്ചെത്തി ക്വാറന്റീനിൽ കഴിയുന്ന ഹോട്ടലിൽനിന്നാണ് പൃഥ്വി അമ്മയെ വിളിച്ചത്. ‘‘അവന്റെ സ്വരംകേട്ടപ്പോൾ ഇതുവരെ അനുഭവിക്കാത്ത സന്തോഷവും ആശ്വാസവും തോന്നി. ഉറക്കം ശരിയാകാത്തതിനാൽ വലിയ ക്ഷീണത്തിലായിരുന്നു അവൻ. പ്രഭാതഭക്ഷണം കഴിച്ച് നന്നായിട്ടൊന്ന് ഉറങ്ങാൻ അവനോട് പറഞ്ഞു. എഴുന്നേറ്റശേഷംമാത്രംമതി മറ്റുവിശേഷങ്ങളൊക്കെയെന്നും പറഞ്ഞു.

‘‘അലംകൃതയ്ക്കാണ് ഡാഡയെ കാണാതിരുന്നിട്ട് വലിയ വിഷമം. കഴിഞ്ഞദിവസം അവൾ എന്നെ വിളിച്ച് അവളുടെ ബോർഡിൽ ‘മൈ ഫാദർ ഈസ് കമിങ്’ എന്നെഴുതിയത് കാണിച്ചുതന്നു. ഇതെന്താണെന്ന് ഞാൻ അവളോട് ചോദിച്ചു. ‘ഡാഡ വേഗംവരും അച്ഛമ്മേ’ എന്നാണ് അവൾ അതിന്‌ മറുപടിപറഞ്ഞത്. ഞങ്ങളുടെയെല്ലാം കാത്തിരിപ്പ് തീരാൻ ഇനിയും 14 ദിവസംവേണം. അതുസാരമില്ല. വേവുവോളം ക്ഷമിക്കാമെങ്കിൽ പിന്നെ ആറുവോളം ക്ഷമിക്കരുതോ...’’ -മല്ലിക പറഞ്ഞു.

Content Highlight: Mallika sukumaran said to Prithviraj;  Raju, sleep well