തിരുവനന്തപുരം: റോഡ് വികസനത്തിന് വനഭൂമി വിട്ടുകൊടുക്കാനുള്ള നിബന്ധനകൾ കേന്ദ്രസർക്കാർ കർശനമാക്കിയതോടെ മലയോരഹൈവേ നിർമാണം വഴിമുട്ടി. 67 ഹെക്ടർ വനഭൂമിയാണു വേണ്ടത്. 2017-ൽ സംസ്ഥാനം അപേക്ഷ നൽകിയെങ്കിലും കേന്ദ്രം ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല.

വനഭൂമി ഒഴിവാക്കി റോഡുകൾ നിർമിക്കണമെന്ന വ്യവസ്ഥയാണ് ഇപ്പോൾ കേന്ദ്രം മുന്നോട്ടുവെക്കുന്നത്. വയനാട്, കോഴിക്കോട് ജില്ലകളിലെ കുങ്കിച്ചിറ-പാലുവായ് (ആറു കിലോമീറ്റർ), വയനാട്, മലപ്പുറം ജില്ലകളിലെ അരുണപ്പുഴ-തമ്പുരാട്ടിക്കല്ല് (എട്ടു കിലോമീറ്റർ) ഭാഗങ്ങളിലാണ് വനപ്രദേശത്തുകൂടി മലയോരഹൈവേ കടന്നുപോകേണ്ടത്. വനത്തിലൂടെയുള്ള കൂപ്പുറോഡുകളാണ് ഹൈവേക്കു പരിഗണിക്കുന്നത്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന അരുണപ്പുഴ-തമ്പുരാട്ടിക്കല്ല് ഭാഗത്ത് വനഭൂമിയിലൂടെയേ റോഡ് കൊണ്ടുപോകാനാവൂ.

പുതിയ അപേക്ഷ വേണ്ടിവന്നേക്കാം

ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ വനഭൂമി വിട്ടുകൊടുക്കൂ എന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. നഷ്ടമാകുന്നതിന്റെ ഇരട്ടി ഭൂമിയിൽ വനവത്‌കരണം നടത്തുകയും വേണം. ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ പേരിൽ സമർപ്പിക്കുന്ന അപേക്ഷകളിൽ മാത്രമേ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇളവ് ലഭിക്കൂ. ഹൈവേ യാഥാർഥ്യമാകണമെങ്കിൽ കേരളം മന്ത്രാലയംവഴി പുതിയ അപേക്ഷ നൽകുകയോ പുതിയ അലൈൻമെന്റ് കണ്ടെത്തുകയോ വേണം.

പണി പാതിയിൽ

സംസ്ഥാനസർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് മലയോരഹൈവേ. 3500 കോടി രൂപ ചെലവുവരും. 20 റീച്ചുകളിലായി 513 കി.മീ. റോഡ് നിർമിക്കാൻ 1675 കോടി രൂപ സർക്കാർ അനുവദിച്ചു. ഒമ്പത് റീച്ചുകളിൽ നിർമാണപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് -പാറശ്ശാല, കൊല്ലായിൽ-ചല്ലിമുക്ക്-വിതുര, പെരിങ്ങമല-വിതുര, കൊല്ലം ജില്ലയിലെ പുനലൂർ-അഗസ്ത്യകോട്, മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടം-തമ്പുരാട്ടിക്കല്ല്, വയനാട് ജില്ലയിലെ പച്ചിലക്കാട്-കൈനാട്ടി-കൽപ്പറ്റ ബൈപ്പാസ്, കാസർകോട് ജില്ലയിലെ ചേവാർ-ഇടപ്പറമ്പ്, നന്ദാരപ്പടവ്-ചേവാർ, കോളിച്ചാൽ-ചെറുപുഴ, കോളിച്ചാൽ-ഇടപറമ്പ് എന്നിവിടങ്ങളിലായി 235 കിലോമീറ്റർ റോഡിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്.

മലയോരഹൈവേ

കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാലവരെയുള്ള 1267 കിലോമീറ്ററിൽ മലയോരമേഖലയെ ബന്ധിപ്പിച്ച് ഹൈവേ. ഭൂരിഭാഗവും നിലവിലുള്ള റോഡുകൾ. അവ 12 മീറ്റർ വീതിയിൽ വികസിപ്പിക്കും. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലൂടെ കടന്നുപോകും.