പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും മതം മാറി ഐ.എസ്. ക്യാമ്പില്‍ ചേരാൻ പ്രേരിപ്പിക്കുകയും  ചെയ്തതായി ഹൈദരാബാദ് സ്വദേശിയായ യുവാവിനെതിരേ മലയാളി യുവതിയുടെ പരാതി. റാന്നി സ്വദേശിനിയാണ് പരാതിയുമായി സംസ്ഥാന പോലീസ് മേധാവിക്ക് മുന്നിലെത്തിയത്. ഹൈദരാബാദിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് അവിടെ ജോലി ചെയ്തിരുന്ന യുവാവ് യുവതിയുമായി പരിചയത്തിലാകുന്നത്.

യുവതിയെ വിവാഹം ചെയ്യാൻ താത്പര്യമാണെന്നറിയിച്ച യുവാവ് അതിനായി ക്രിസ്തുമതം സ്വീകരിച്ചതായും വ്യക്തമാക്കി. പിന്നീട് സ്വന്തം മതത്തിലേക്ക് മടങ്ങിയ ഇയാൾ മതം മാറാൻ േപ്രരിപ്പിക്കുകയും വഴങ്ങാതിരുന്നതിനാൽ തന്നെ ശാരീരികപീഡനത്തിന് വിധേയയാക്കുകയും ചെയ്തതായി യുവതി പറയുന്നു.

ഐ.എസ്. ക്യാന്പിൽ നഴ്സിങ് ജോലിക്കായി പോയാൽ ഉയർന്ന ശന്പളം കിട്ടുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇതിനും തയ്യാറാകാതിരുന്നതിനാൽ ക്രൂരമർദനത്തിനിരയാക്കി. ജോലി ഉപേക്ഷിച്ച് യുവതി നാട്ടിൽ മടങ്ങിയെത്തി. കഴിഞ്ഞ നവംബറിൽ ഇയാൾ യുവതിയെ റാന്നിയിലെത്തിച്ചശേഷം മടങ്ങുകയായിരുന്നു.

മറ്റൊരു വിവാഹത്തിന് ഇയാൾ തയ്യാറെടുക്കുകയാണെന്ന് അറിഞ്ഞെന്നും യുവതി പറഞ്ഞു. പത്തനംതിട്ടയിൽ ശനിയാഴ്ച നടന്ന പരാതി പരിഹാര അദാലത്തിലാണ് ഇരുപത്തിയാറുകാരിയായ യുവതി ഡി.ജി.പി.ക്ക് പരാതി നൽകിയത്. പരാതി ഹൈദരാബാദ് പോലീസ് മേധാവിക്ക് കൈമാറുമെന്ന് ഡി.ജി.പി. അറിയിച്ചു. മാനസികമായി തളർന്ന യുവതിയെ കൗൺസിലിങ്ങിന് വിധേയയാക്കാനും നിർദേശിച്ചു.

Content Highlights: malayali woman filed complaint against hyderabad native, alleges he molested and urged to join isis