തിരുവനന്തപുരം: സ്കൂൾ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല തിരിച്ചെത്തുന്നു. മലയാളത്തിന്റെ നിലനിൽപ്പിനുവേണ്ടിയുള്ള ഈ തിരുത്തലിന് വഴിതെളിച്ചത് മാതൃഭൂമി തുടങ്ങിവെച്ച സംവാദം.

പാഠപുസ്തകങ്ങളിൽ അക്ഷരമാല പഠിപ്പിക്കാത്തത് ഗൗരവമായ പ്രശ്നമായി കാണുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ‘‘അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും. അക്ഷരമാല എങ്ങനെ ഒഴിവായെന്ന് പരിശോധിക്കും’’ -മന്ത്രി പ്രഖ്യാപിച്ചു.

മാതൃഭൂമിയിൽ എം.എൻ. കാരശ്ശേരി തുടങ്ങിവെച്ച് ഭാഷാപണ്ഡിതരും ഭാഷാസ്നേഹികളും ഏറ്റെടുത്ത ‘മായരുത് മലയാളം’ എന്ന സംവാദം വിദ്യാഭ്യാസ നിയമഭേദഗതി ബില്ലിന്റെ ചർച്ചയിൽ സഭയുടെ ശ്രദ്ധയിലെത്തിച്ചത് ചീഫ് വിപ്പ് ഡോ. എൻ. ജയരാജാണ്. മലയാളം പാഠപുസ്തകങ്ങളിലൊന്നും അക്ഷരമാല ഉൾപ്പെടുത്തിയിട്ടില്ലെന്നും കുട്ടികളെ അത് പഠിപ്പിക്കുന്നില്ലെന്നുമുള്ള ഗുരുതര വീഴ്ച സമൂഹത്തിന്റെ ശ്രദ്ധയിൽക്കൊണ്ടുവന്നത് ഈ സംവാദമാണ്.

‘‘എസ്.സി.ഇ.ആർ.ടി.യാണ് പാഠപുസ്തകം തയ്യാറാക്കുന്നത്. അക്ഷരമാല ഒഴിവായിപ്പോയ സാഹചര്യം എന്തെന്ന് അറിയില്ല. പരിശോധിച്ച് തെറ്റുതിരുത്തും. മലയാളം ബോധപൂർവം പഠിപ്പിക്കാത്ത സ്കൂളുകളിലെ സാഹചര്യവും പരിശോധിക്കും’’ -മന്ത്രി പറഞ്ഞു.

കേരളപ്പിറവി ദിനത്തിൽ മാതൃഭൂമിയിൽ പ്രൊഫ. എം.എൻ. കാരശ്ശേരി എഴുതിയ ‘വിദ്യാഭ്യാസ മന്ത്രി അറിയാൻ’ എന്ന ലേഖനമാണ് ലോകമെങ്ങുമുള്ള മലയാളികൾ ശ്രദ്ധിച്ച സംവാദത്തിന് തുടക്കമിട്ടത്. ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായരും കെ. ജയകുമാറും വേണുഗോപാലപ്പണിക്കരും എം.ആർ. രാഘവ വാരിയരും ഡോ. തോമസ് മൂലയിലും സംവാദം ഏറ്റെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതേപ്പറ്റി ഒട്ടേറെപ്പേർ പ്രതികരിക്കുകയും ചെയ്തു. പൊതുജനങ്ങളിൽനിന്നും മാതൃഭൂമിയിലേക്ക് ഒട്ടേറെ പ്രതികരണങ്ങളെത്തി.

12 വർഷമായി കേരളത്തിലെ മലയാളം ബോധനമാധ്യമമായ സ്കൂളുകളിലെ പാഠപുസ്തകങ്ങളിൽപ്പോലും അക്ഷരമാലയില്ല. 2009-ലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് അക്ഷരമാല ഒഴിവാക്കിയത്.

നിയമസഭയിലെ പ്രഖ്യാപനത്തിനുശേഷം മന്ത്രി വി. ശിവൻകുട്ടി, എം.എൻ. കാരശ്ശേരിയെ വിളിച്ച് സർക്കാരിന്റെ തീരുമാനം അറിയിച്ചു.

എന്തുകൊണ്ടാണ് ചെറിയ ക്ലാസുകളിൽ അക്ഷരമാല പഠിക്കേണ്ടതില്ലെന്നു പറയുന്നതെന്ന് എൻ. ജയരാജ് ചോദിച്ചു. ആദ്യം അക്ഷരം, പിന്നെ വാക്ക്, അതുകഴിഞ്ഞ് വാക്യം, അതുംകഴിഞ്ഞ് ആശയം എന്നതായിരുന്നു പരമ്പരാഗത പഠനരീതി. അത് ആശയം, വാക്യം, വാക്ക്, അക്ഷരം എന്ന ക്രമത്തിലേക്ക്‌ മാറ്റിയിരിക്കുന്നു. പരമ്പരാഗത രീതിയെ ഒറ്റദിവസംകൊണ്ട് നിഷ്‌കാസനം ചെയ്താൽ പഠനത്തിന്റെ ലക്ഷ്യം കൈവരിക്കാനാവുമോ?. അക്ഷരം പഠിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ വിദ്യാഭ്യാസമന്ത്രി ഇടപെടണം. വിദ്യാഭ്യാസ മേഖലയിൽ ഭരണപരമായ പരിഷ്കരണം മാത്രം പോരാ, സാംസ്കാരിക പശ്ചാത്തലംകൂടി ഒരുക്കണം -ജയരാജ് പറഞ്ഞു.

ശിവൻകുട്ടിയുടെ നടപടി മാതൃകാപരം -എം.എൻ. കാരശ്ശേരി

പാഠപുസ്തകങ്ങളിലേക്ക് മലയാളം അക്ഷരമാല തിരിച്ചെത്തിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എടുത്ത നടപടി മാതൃകാപരമാണെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. അക്ഷരമാല അപ്രത്യക്ഷമായത് സംവാദമാക്കി പൊതു ശ്രദ്ധയിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും മാതൃഭൂമി ചെയ്ത കാര്യം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.