മലപ്പുറം: യു.ഡി.എഫ്. വിട്ടുവെന്ന് പ്രഖ്യാപിച്ച കെ.എം. മാണിയെ തിരിച്ചുകൊണ്ടുവരാന്‍ മുസ്ലിംലീഗ് ചര്‍ച്ചക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. എന്നാല്‍ മാണിയുമായി പാര്‍ട്ടി സംസാരിക്കും. അവരുടെ രാഷ്ട്രീയനിലപാട് മനസ്സിലാക്കിയശേഷമായിരിക്കും തുടര്‍നടപടികളെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാണി മുന്നണിവിടാനൊരുങ്ങുന്ന കാര്യം ലീഗ് സെക്രേട്ടറിയറ്റ് ചര്‍ച്ചചെയ്തിരുന്നു. ഇക്കാര്യത്തില്‍ സംയമനംപാലിക്കാനാണ് തീരുമാനം. കേരള കോണ്‍ഗ്രസ് യോഗത്തിനുശേഷം സംസാരിക്കാമെന്ന് മാണി അറിയിച്ചിരുന്നു. മുന്നണിയില്‍ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടാകും. മാണിയുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയും. എന്നാല്‍ തിരിച്ചുകൊണ്ടുവരാന്‍ തിരക്കിട്ടചര്‍ച്ചയ്ക്ക് ശ്രമിക്കില്ല.

നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് പറയുമ്പോഴും കേരളകോണ്‍ഗ്രസ് തദ്ദേശഭരണത്തില്‍ മുന്നണിവിടില്ലെന്നാണ് തീരുമാനം. അതുകൊണ്ടുതന്നെ രൂക്ഷമായ പ്രതികരണത്തിന് സാഹചര്യമില്ല. എന്‍.ഡി.എ. പോലെ രാഷ്ട്രീയഭിന്നിപ്പുള്ള നിലപാടിലേക്ക് മാണി പോകുന്നുവെങ്കില്‍ എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.