മലപ്പുറം: എല്‍.ഡി.എഫിന്റെ െഫ്‌ളക്‌സുകളില്‍ സി.പി.ഐക്കാരുടെ ഫോട്ടോ ഇല്ലാത്തതില്‍ പരിഭവമില്ലന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. 27 സീറ്റുകളില്‍ സി.പി.ഐ. മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫില്‍ ജ്യേഷ്ഠസഹോദരനാണ് സി.പി.ഐ.
മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ദുര്‍ബലപ്പെടുമ്പോള്‍ മതനിരപേക്ഷതയും ദുര്‍ബലപ്പെടും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുശതമാനം വര്‍ധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് കുറവും. എന്നാല്‍ എല്‍.ഡി.എഫിന് ശതമാനം നിലനിര്‍ത്താനായി. ബി.ജെ.പിയുടെ വളര്‍ച്ചയില്‍ ഒട്ടും ആശങ്കയില്ല.
ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. തുറക്കുകയാണങ്കില്‍ അത് ബാങ്ക് അക്കൗണ്ട് ആയിരിക്കും. മനുഷ്യനെ സ്‌നേഹിക്കുന്ന സംസ്‌കാരം വളര്‍ത്താന്‍ ഇടതുപക്ഷം വരണം. മതത്തിനും ജാതിക്കും ഇടതുപക്ഷം എതിരല്ല. മതനിരപേക്ഷ രാഷ്ട്രീയമാണ് എല്‍.ഡി.എഫ്. സ്വീകരിക്കുന്നത്.
വോട്ടെണ്ണുന്ന ദിവസമായിരുന്നു ലീഗ് സ്ഥാനാര്‍ഥി മുമ്പ് പുറത്തിറങ്ങിയിരുന്നത്. ഇന്ന് സ്ഥിതി മാറി. ലോകത്തിന് മാറ്റംവരുമ്പോള്‍ മലപ്പുറത്തും മാറ്റം വരും.
മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയം. ഘട്ടംഘട്ടമായി മദ്യ ഉപയോഗം കുറയ്ക്കലാണ് ലക്ഷ്യം. എല്‍.ഡി.എഫ്. അധികാരത്തില്‍വന്നാല്‍ പൂട്ടിയ മദ്യശാലകള്‍ തുറക്കുമോ എന്ന ചോദ്യത്തിന്, ഇവിടെ ഏത് മദ്യശാലകളാണ് പൂട്ടിയത് എന്നായിരുന്നു കണക്കുകള്‍നിരത്തി അദ്ദേഹത്തിന്റെ മറുചോദ്യം.