കോട്ടയ്ക്കൽ: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പു നടന്ന ഏക ലോക്‌സഭാ മണ്ഡലമായ മലപ്പുറത്ത് ഇത്തവണയും മുസ്‌ലിംലീഗ് തന്നെ. 5,38,248 വോട്ടുനേടി ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസ്സമദ് സമദാനി വിജയിച്ചു. നാല് ദേശീയനേതാക്കൾ ഏറ്റുമുട്ടിയ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചെങ്കിലും മുൻതിരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷം നിലനിർത്താൻ സമദാനിക്കായില്ല. 1,14,615 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ സമദാനിക്ക് ലഭിച്ചത്. 2,60,153 വോട്ടിനായിരുന്നു കഴിഞ്ഞതവണ കുഞ്ഞാലിക്കുട്ടിയുടെ ജയം.

എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റുകൂടിയായ എൽ.ഡി.എഫിലെ വി.പി. സാനുവിന് 4,23,633 വോട്ടും എൻ.ഡി.എ.സ്ഥാനാർഥിയും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടിക്ക് 68,935 വോട്ടും ലഭിച്ചു.

എസ്.ഡി.പി.ഐ.യുടെ ദേശീയ സെക്രട്ടറി തസ്ലിം റഹ്മാനി 46,758 വോട്ടു നേടി.

ലീഗിന്റെ കോട്ടയായ മണ്ഡലം ഒരിക്കൽമാത്രമാണ് എൽ.ഡി.എഫ്. പിടിച്ചെടുത്തത്. 2004-ൽ ഇത് മഞ്ചേരി മണ്ഡലമായിരുന്നപ്പോഴാണ് കെ.പി.എ. മജീദിനെ തോൽപ്പിച്ച് ടി.കെ. ഹംസ വിജയിച്ചത്. അടുത്ത തിരഞ്ഞെടുപ്പുമുതൽ മണ്ഡലത്തിന്റെ പേര് മലപ്പുറമായി. 2009-ൽ പൊന്നാനിയിൽനിന്ന് ഇ. അഹമ്മദിനെ കൊണ്ടുവന്ന് ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. 2014-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇ. അഹമ്മദ് 2017-ൽ മരിച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2019-ൽ അദ്ദേഹം ഭൂരിപക്ഷം 2,60,153-ലേക്കുയർത്തി. നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി കുഞ്ഞാലിക്കുട്ടി എം.പി.സ്ഥാനം രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മലപ്പുറം മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിലെ വോട്ടുനില:

ലോക്‌സഭ-2014

ഭൂരിപക്ഷം-1,94,739

യു.ഡി.എഫ്.-4,37,723

എൽ.ഡി.എഫ്.-2,42,984

എൻ.ഡി.എ.-64,705

--------------------

ഉപതിരഞ്ഞെടുപ്പ്-2017

ഭൂരിപക്ഷം-1,71,023

യു.ഡി.എഫ്.-5,15,330

എൽ.ഡി.എഫ്.-3,44,307

എൻ.ഡി.എ.-65,675

-----------------

ലോക്‌സഭ-2019

ഭൂരിപക്ഷം-2,60,153

യു.ഡി.എഫ്.-5,89,873

എൽ.ഡി.എഫ്.-3,29,720

എൻ.ഡി.എ.-82,332

----------------

ഉപതിരഞ്ഞെടുപ്പ്-2021

ഭൂരിപക്ഷം-1,14,615

യു.ഡി.എഫ്.-5,38,248

എൽ.ഡി.എഫ്.-4,23,633

എൻ.ഡി.എ.-68,935

എസ്.ഡി.പി.ഐ.-46,758