മലപ്പുറം: 1964-ലെ പിളര്‍പ്പിനു ശേഷം സി.പി.ഐ.ക്കു വീണ 'വലത് കമ്യൂണിസ്റ്റുപാര്‍ട്ടി' എന്ന ദുഷ്‌പേര് തിരുത്തിയെഴുതാനുള്ള ശ്രമത്തിലാണ് കാനം രാജേന്ദ്രന്‍. സി.പി.എം. കൂടുതല്‍ വലത്തോട്ട് പോകുന്നു എന്ന് തോന്നിക്കുന്ന സന്ദര്‍ഭങ്ങളില്‍ തന്റെ പാര്‍ട്ടിയെ കുറെക്കൂടി ഇടത്തോട്ട് നയിക്കാനാണ് കാനം ശ്രമിക്കുന്നത്.

സി.പി.എമ്മുമായി നിലപാടിന്റെപേരില്‍ ചിലപ്പോള്‍ ഇടയേണ്ടിവന്നതും അതുകൊണ്ടുതന്നെ. തോമസ് ചാണ്ടി, കെ.എം. മാണി വിഷയങ്ങളില്‍ ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നത അതിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്തു.

1980-ല്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവത്കരിച്ച ശേഷം സി.പി.ഐ. സി.പി.എമ്മിന്റെ ഉപഗ്രഹം പോലെയായിരുന്നു. എന്‍.ഇ. ബാലറാം, പി.കെ. വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍, സി.കെ. ചന്ദ്രപ്പന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നീ സെക്രട്ടറിമാരൊന്നും സി.പി.എമ്മുമായി കൊമ്പുകോര്‍ക്കാന്‍ നിന്നില്ല.

തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തിലും പദവിയുടെ കാര്യത്തിലും മാത്രമേ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ സ്ഥിതി അതല്ല. ഒട്ടേറെ രാഷ്ട്രീയ-ഭരണ വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ടുപോകുന്നു.

പാര്‍ട്ടിയുടെ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്ത കണിശതയാണ് കാനത്തിനെ അണികളുടെ പ്രിയങ്കരനാക്കിയത്. പാര്‍ട്ടിക്കകത്തും പുറത്തും മിതമായും സൗമ്യമായും ശക്തമായും നിലപാടുകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനറിയാം.

കാനമെന്ന സ്ഥലപ്പേരില്‍ അറിയപ്പെടുന്ന രാജേന്ദ്രന്റെ പൊതുജീവിതം എ.ഐ.എസ്.എഫിലൂടെയാണ് തുടങ്ങിയത്. 1970-ല്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. കേരളത്തില്‍ എ.ഐ.വൈ.എഫ്. കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡിയും സി.കെ. ചന്ദ്രപ്പനും എ.ഐ.വൈ.എഫ്. ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായപ്പോള്‍ കാനമായിരുന്നു കേരളത്തിലെ പ്രധാന നേതാവ്. എ.ഐ.വൈ.എഫ്. ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ഉപയോഗിക്കുന്ന വാക്കുകളുടെ സൂക്ഷ്മതയും ഔചിത്യവും കാനത്തിന്റെ സവിശേഷതയാണ്. വേദി ഏതായാലും ആശയ സ്ഫുടതയും പ്രത്യയ ശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായിരിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും താത്ത്വികനുമായിരുന്ന എന്‍.ഇ. ബാലറാമാണ് കാനത്തിന്റെ വഴികാട്ടി. രണ്ടുതവണ കോട്ടയം ജില്ലയിലെ വാഴൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്തു.

അസംഘടിതരായിരുന്ന നിര്‍മാണത്തൊഴിലാളികളുടെ ജീവിതസുരക്ഷയ്ക്കായി കാനം നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിര്‍മാണത്തൊഴിലാളി നിയമം നിലവില്‍വന്നത്. നിയമസഭയില്‍ ഈ സ്വകാര്യ ബില്‍ വോട്ടിനിട്ടാണ് അവതരണാനുമതി നേടിയത്.

1970-ല്‍ സി.പി.ഐ. സംസ്ഥാന കൗണ്‍സിലിലും പിന്നീട് എന്‍.ഇ. ബാലറാം സംസ്ഥാന സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. കേരളാ സ്റ്റേറ്റ് ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സംസ്ഥാന സെകട്ടറിയായി 1970-ല്‍ തിരഞ്ഞെടുത്തിരുന്നു. പിന്നീട് എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

1950-ല്‍ വാഴൂരിനടുത്ത കാനത്താണ് ജനനം. ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍: താരാ സന്ദീപ്, വി. സര്‍വേശ്വരന്‍.