മലപ്പുറം: ഒരുവർഷം മുമ്പ് ഗൂഗിളിൽ ആരാണ് മോശം പ്രധാനമന്ത്രി എന്ന് ഇംഗ്ലീഷിൽ ടൈപ്പ്ചെയ്താൽ നരേന്ദ്രമോദിയുടെ ചിത്രവും വിവരങ്ങളുമാണ് വന്നിരുന്നത്. വളരെ ’പണിപ്പെട്ട്’ മോദി ആരാധകർ ആ പ്രശ്നം പരിഹരിച്ചു.
ഇപ്പോൾ ആരാണ് ഏറ്റവും മോശം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് പിണറായി വിജയന്റെ പേരുവിവരങ്ങളാണ് ഗൂഗിളിൽ വരുന്നത്. ഇതിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ ’യുദ്ധം’ നടക്കുകയാണ്. ഇതിന്റെ പിന്നണിരഹസ്യമറിയാത്തവർ ഫോർവേഡുകൾ കൊണ്ട് ആഘോഷിക്കുന്നുമുണ്ട്. കേരളത്തിലെ പ്രശ്നങ്ങളൊക്കെ എങ്ങനെയാണ് ഗൂഗിൾ ഇത്ര വിശദമായി അറിയുന്നതെന്ന് അദ്ഭുതംകൊള്ളുന്നു ചിലർ. ഒരു ’കൂട്ട ആക്രമണ’ത്തിന്റെ ഫലമാണ് ഗൂഗിളിലെ ഈ കണ്ടെത്തലുകൾ. രാഷ്ട്രീയസംഘടനകൾ അവരുടെ സാമൂഹികമാധ്യമ ഗ്രൂപ്പുകൾ വഴി അണികളെ ഉപയോഗിച്ച് കൂട്ടമായി ഗൂഗിളിൽ അഭിപ്രായമിടുവിച്ചാണ് ഇത്തരം കൃത്രിമ ’ഗൂഗിൾ ഉത്തരങ്ങൾ’ സൃഷ്ടിക്കുന്നത്. ഇതിനുള്ള സംവിധാനം ഗൂഗിളിലുണ്ടുതാനും. ഇതേ തന്ത്രം തിരിച്ചും മറിച്ചും ഉപയോഗിച്ച് രാഷ്ട്രീയപാർട്ടികൾ എതിരാളികൾക്ക് പണികൊടുത്തുകൊണ്ടേയിരിക്കുന്നു.
പിണറായിക്കുണ്ടായ ’ചീത്തപ്പേര്’ മാറ്റാൻ ഇടത് സൈബർ ഗ്രൂപ്പുകൾ ഉണർന്നുകഴിഞ്ഞു. ഗൂഗിളിൽ ഈ ചോദ്യം അടിച്ചുകഴിഞ്ഞാൽ ഉത്തരം കിട്ടുന്നതിന് താഴെയായി ഫീഡ്ബാക്ക് എന്ന ഒരു ഓപ്ഷനുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ ഇതു സഹായകരമാണ്, ഇഷ്ടപ്പെടുന്നില്ല, തെറ്റിദ്ധരിപ്പിക്കുന്നതാണ് തുടങ്ങി ആറ് ഓപ്ഷനുകൾ കാണാം. ഇതിൽ ഏതും നമുക്ക് തിരഞ്ഞെടുക്കാം. അടുത്തതായി ഓപ്ഷണൽ എന്ന ലൈനിൽ നിങ്ങളുടെ അഭിപ്രായം ചോദിക്കും. ഇതിൽ നമുക്ക് ഇഷ്ടമുള്ള അഭിപ്രായം പറയാം. ഇഷ്ടമുള്ള പേരും സൂചിപ്പിക്കാം. കൂട്ടമായുള്ള ഇത്തരം അഭിപ്രായങ്ങൾ ഗൂഗിളിൽ തിരയൽ പ്രക്രിയയെ സ്വാധീനിക്കുമെന്ന് ഗൂഗിൾതന്നെ അവസാനം സമ്മതിക്കുന്നുമുണ്ട്. വലിയൊരുകൂട്ടം ആളുകൾ നിലവിലെ പേരുമാറ്റി മറ്റൊരു പേരടിച്ചാൽ പാവം ഗൂഗിളിന് സമ്മതിച്ചുകൊടുക്കേണ്ടി വരും.
Content Highlights: cyber war between political groups