മലപ്പുറം: ആളില്ലാതെ വലയുന്ന ഹോട്ടൽ വ്യവസായങ്ങൾക്ക് ദിനംപ്രതിയുള്ള ഗ്യാസ് വില ഇരുട്ടടിയാകുന്നു. ആറുമാസം മുൻപുവരെ 1,000 രൂപയിൽ താഴെയുണ്ടായിരുന്ന ഗ്യാസിന് ഇപ്പോൾ 1,500-ന് മുകളിലാണ് വില. പല ജില്ലകളിലും ഇതിൽ നേരിയ വ്യത്യാസമുണ്ടാകും. നവംബറിൽ ഉണ്ടായിരുന്നതിനേക്കാൾ 130 രൂപ അധികം ഈമാസം നൽകണം.

ഇൻഡേൻ, ഭാരത് കമ്പനികൾക്കു പുറമേ സ്വകാര്യ കമ്പനികളെയും ഹോട്ടലുകാർ ആശ്രയിക്കുന്നുണ്ട്. 19 കിലോയുള്ള ഗ്യാസാണ് സാധാരണ ഉപയോഗിക്കുന്നത്. നാളുകളായി ആവശ്യപ്പെടുന്ന ഗ്യാസ് സബ്‌സിഡി പരിഗണിക്കാൻപോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഇടത്തരം, ചെറുകിട ഹോട്ടലുകാരെയാണ് വിലയിലുണ്ടാകുന്ന നേരിയ വ്യത്യാസംപോലും കാര്യമായി ബാധിക്കുന്നത്.

വിറകും ഗ്യാസും ഉപയോഗിക്കുന്ന ഇടത്തരം ഹോട്ടലിനുമാസം 20 ഗ്യാസ് കുറ്റിവേണം. എന്നാൽ ഗ്യാസിനെമാത്രം ആശ്രയിക്കുന്ന ചെറുകിട ഹോട്ടലുകൾക്ക് ദിനംപ്രതി ഒന്ന് എന്ന കണക്കാണ്.

ജി.എസ്.ടി. നടപ്പാക്കിയതിനുശേഷം ഹോട്ടലുകളിൽ തിരക്ക് കുറഞ്ഞിരുന്നു. എ.സി. റസ്റ്റോറന്റുകൾ പലതും നോൺ എ.സി.യാക്കി. പിന്നീട് അഞ്ചുശതമാനം ആക്കി ജി.എസ്.ടി. കുറച്ചപ്പോൾ ക്രമേണ ആളുകൾ എത്തിത്തുടങ്ങി. ഇതിനിടയിൽ പ്രളയംകൂടി വന്നതോടെ ഭക്ഷണപ്രിയർ ഹോട്ടലുകാരെ കൈയൊഴിഞ്ഞു. ചിലർ കച്ചവടം അവസാനിപ്പിച്ചു.

പ്രളയം കാര്യമായി ബാധിച്ച ചാലക്കുടി, ആലുവ, പത്തനംതിട്ട എന്നിവിടങ്ങളിലെ പലരും കച്ചവടം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ദേശീയപാതയിൽ യാത്രക്കാർക്കായി ഭക്ഷണം ഒരുക്കുന്നവർക്കും ഇതു നല്ലകാലമല്ല.

പ്രത്യേക പാക്കേജ് വേണം.ആറ് മാസത്തിനിടയിൽ ചെറുകിട ഹോട്ടലിനുതന്നെ 25,000 രൂപയോളം അധികചെലവ് ഗ്യാസ് വിലയിൽ ഉണ്ടായി. ചായ, ദോശ, പൊറോട്ട എന്നിവ ഉണ്ടാക്കുമ്പോഴാണ് ചെലവു കൂടുതൽ. ഇവയ്ക്ക് മുഴുവൻ സമയവും അടുപ്പ് കത്തണം.

ഹോട്ടൽ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് ഉണ്ടാക്കിയില്ലെങ്കിൽ വ്യവസായം വൻനഷ്ടത്തിലേക്ക് പോകും.

ജി. ജയ്‌പാൽ, സംസ്ഥാന ജന. സെക്രട്ടറി, ‍ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ