മലപ്പുറം: തോന്നിയപോലെ വിലകൂട്ടുന്ന പെട്രോളിയം കമ്പനികളുടെ അതേ അവസ്ഥയിലേക്ക് സിമെന്റ് വ്യാപാരമേഖലയും. ചരിത്രത്തിലിതുവരെയില്ലാത്ത രീതിയിൽ ചാക്കിന് ഒറ്റയടിക്ക് നാൽപ്പത് രൂപയാണ് തിങ്കളാഴ്ചമുതൽ സിമെന്റ് കമ്പനികൾ കൂട്ടിയത്. കേരളത്തിലെ നിർമാണമേഖലയെ സ്തംഭിപ്പിക്കുന്ന ഈ കൊള്ളക്കെതിരേ ചെറുവിരൽപോലും അനക്കാതിരിക്കുകയാണ് സംസ്ഥാനസർക്കാർ.

360-370 രൂപ വിലയുണ്ടായിരുന്ന സിമെന്റിന് ഇപ്പോൾ 400 രൂപയാണ് വില. കേരളത്തിൽ ഒരുമാസം എട്ടുലക്ഷം ടൺ സിമെന്റ് വിൽക്കുന്നുണ്ട്. 80 കോടി രൂപയാണ് പുതിയ വിലപ്രകാരം കേരളത്തിൽനിന്ന് കമ്പനികൾ ഊറ്റിയെടുക്കുന്നത്.

കേരളത്തിലെ സിമെന്റ് ഉപയോഗത്തിന്റെ 20 ശതമാനത്തോളം സർക്കാരിന്റെ നിർമാണപ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുന്നതെങ്കിലും സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമെന്റ്‌സിന്റെ ചാക്കിന് 350 രൂപയാണ് വില. എന്നാൽ മലബാറിന്റെ ഈ മേഖലയിലുള്ള സംഭാവന അഞ്ചുശതമാനം മാത്രമാണ്, അതായത് 40,000 ടൺ. ഇതാണ് സിമെന്റ് കമ്പനികളുടെ കൊള്ളയ്ക്ക് വളമാകുന്നതും.

അതേസമയം തമിഴ്‌നാട്ടിൽ ’അമ്മ സിമെന്റ് ’ ഇപ്പോഴും 190 രൂപയ്ക്കാണ് വിൽക്കുന്നത്. അവിടെ സർക്കാർ നേരിട്ട് നിർമാണക്കമ്പനികളിൽനിന്ന് സിമെന്റ് വാങ്ങി ’അമ്മ സിമെന്റെ’ന്ന പേരിൽ വിതരണംചെയ്യുകയാണ്. സിമെന്റ് വില നിയന്ത്രിക്കാൻ സംസ്ഥാനം ഒരു റഗുലേറ്ററി ബോഡി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത കേരളത്തിലെ സിമെന്റ് വ്യാപാരികൾ നേരത്തേത്തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

സിമെന്റ് വില നിയന്ത്രിക്കണമെന്ന നിർദേശം കമ്പനികൾ പാലിക്കാത്തപക്ഷം സർക്കാരിന് ’കോമ്പിറ്റേഷൻ കമ്മിഷൻ ഓഫ് ഇന്ത്യ’യിൽ പരാതിപ്പെടാം. ധനമന്ത്രി നേരത്തേ ഇങ്ങനെയൊരു ഭീഷണി മുഴക്കിയിരുന്നെങ്കിലും ഒന്നും നടന്നില്ല. ചില കമ്പനികൾ നേരിട്ട് ഇൻവോയ്‌സിൽത്തന്നെ വിലകൂട്ടിയപ്പോൾ മറ്റുചിലർ വ്യാപാരികൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചാണ് വിലവർധനയ്ക്ക് സാഹചര്യമൊരുക്കിയതെന്ന് സിമെന്റ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാനസെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി പറയുന്നു.

15-ഓളം കമ്പനികളുടെ സിമെന്റാണ് കേരളത്തിൽ വിൽക്കുന്നത്. അപ്രതീക്ഷിതമായ വിലവർധന നിർമാണ മേഖലയെ വെട്ടിലാക്കിയിട്ടുണ്ട്. പലർക്കും എസ്റ്റിമേറ്റ് സംഖ്യയിൽ കോടികൾ നഷ്ടമായി. കുറഞ്ഞ ചെലവിൽ വീടുണ്ടാക്കാൻ ശ്രമിക്കുന്ന സാധാരണക്കാരാണ് കൂടുതൽ പ്രതിസന്ധിയിലായത്.