മലപ്പുറം: അടച്ചുപൂട്ടിയ മലപ്പുറം പാസ്‌പോര്‍ട്ട് മേഖലാഓഫീസ് തിങ്കളാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ ജി. ശിവകുമാര്‍ മാതൃഭൂമിയോട് പറഞ്ഞു. ഓഫീസ് അടച്ചതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് സ്ഥാലംമാറ്റിയ ജി. ശിവകുമാര്‍ ബുധനാഴ്ച മലപ്പുറത്തെത്തും.

ഡിസംബര്‍ അഞ്ചിനാണ് പാസ്‌പോര്‍ട്ട് ഓഫീസ് പുനരാരംഭിക്കാന്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് പ്രവര്‍ത്തനം തുടരണമെന്നും കെട്ടിടത്തിന്റെ വാടകക്കരാര്‍ ഒരു മാസത്തേക്ക് നീട്ടണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

കെട്ടിടത്തിന്റെ ഉടമയുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് ഓഫീസര്‍കരാര്‍ ഒരുമാസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. മലപ്പുറം കിഴക്കേത്തലയില്‍ സ്വകാര്യ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടമുടമയുമായുള്ള കരാര്‍ നവംബര്‍ മുപ്പതിനു അവസാനിപ്പിച്ചതായിരുന്നു.

പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കുമെങ്കിലും നേരത്തേയുണ്ടായിരുന്ന സേവനങ്ങള്‍ പൂര്‍ണമായതോതില്‍ ലഭ്യമാകണമെങ്കില്‍ ഇനിയും സമയമെടുത്തേക്കും. അത്യാവശ്യമായ കൗണ്ടറുകളും രണ്ട് ജീവനക്കാരും മാത്രമേ ഓഫീസിലുണ്ടാകൂ. ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വീണ്ടും സജ്ജീകരിക്കും.