മലപ്പുറം: സംസ്ഥാനത്തെ 33 കെ.വി സബ്‌സ്റ്റേഷനുകളില്‍ ഇനി ഡിപ്ലോമ യോഗ്യതയുള്ള ഒരു ജീവനക്കാരന്‍ മതിയെന്ന് കെ.എസ്.ഇ.ബി. സാമ്പത്തികപ്രതിസന്ധി മൂലമാണ് രണ്ടു ജീവനക്കാരെ നിയമിക്കുന്നതിന് പകരം ഒരാള്‍ക്ക് ചുമതല നല്‍കുന്നത്. ഡിപ്ലോമയുള്ള ഒരാളെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.

ഇതുവരെ ഈ സ്റ്റേഷനുകളില്‍ ജോലിചെയ്തിരുന്ന ഐ.ടി.ഐ. യോഗ്യതയുള്ളവരെ മാറ്റിനിര്‍ത്തിയാണ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കു മാത്രം ചുമതല നല്‍കുന്നത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി നിയമപ്രകാരം ഡിപ്ലോമ യോഗ്യതയുള്ളയാള്‍ മേല്‍നോട്ടത്തിനും ഐ.ടി.ഐ. യോഗ്യതയുള്ളയാള്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും ഒരുമിച്ചുണ്ടാകണമെന്നാണ് നിബന്ധന.

അറ്റകുറ്റപ്പണികള്‍ക്കായി ലൈനുകളിലെ വൈദ്യുതവിതരണം താത്കാലികമായി നിര്‍ത്താനും ശേഷം വിതരണം പഴയപടിയാക്കാനും രണ്ടുപേര്‍ നിര്‍ബന്ധമായും വേണമെന്നാണ് നിയമം. അപകടസാധ്യതയുള്ള ജോലിയായതിനാലാണ് ഈ നിര്‍ദേശം. എന്നാല്‍ ഇതു മറികടന്നാണ് ഒരാള്‍മാത്രം ജോലിചെയ്താല്‍ മതിയെന്ന് കെ.എസ്.ഇ.ബി. ഉത്തരവിറക്കിയിട്ടുള്ളത്.

ഇതുവരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ച ഐ.ടി.ഐ. യോഗ്യതയുള്ളവരാണ് ഈ സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നത്. ഇവരെ നിലനിര്‍ത്തിക്കൊണ്ട് ഡിപ്ലോമയുള്ളവരെക്കൂടി നിയോഗിക്കുകയാണ് നിയമപ്രകാരം ചെയ്യേണ്ടത്.

പുതിയ നിര്‍ദേശം നടപ്പാകുന്നതോടെ ഇത്രയുംവര്‍ഷം കുറഞ്ഞ വേതനത്തില്‍ സബ്‌സ്റ്റേഷനുകളില്‍ ജോലിചെയ്ത ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ പുറത്താകും. സംസ്ഥാനത്തൊട്ടാകെ 400-ലധികം പേര്‍ക്ക് ഇതുവഴി ജോലി നഷ്ടമാകും.