മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ വരണാധികാരികൂടിയായ ജില്ലാകളക്ടര്‍ അമിത് മീണയ്ക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി, ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ഡി.ഡി.സി. പ്രസിഡന്റ് വി.വി. പ്രകാശ് എന്നിവര്‍ക്കൊപ്പമെത്തിയാണ് പത്രിക നല്‍കിയത്. പി.വി. അബ്ദുല്‍വഹാബ് എം.പി, എം.എല്‍.എമാരായ എം. ഉമ്മര്‍, പി. ഉബൈദുള്ള, പി.കെ. ബഷീര്‍, ടി.വി. ഇബ്രാഹിം, മുന്‍മന്ത്രി നാലകത്ത് സൂപ്പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കുഞ്ഞാലിക്കുട്ടി പാണക്കാട്ടെത്തി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കെട്ടിവെക്കാനായി സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി നല്‍കിയ പണം ഹൈദരലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്ക് കൈമാറി. തുടര്‍ന്ന് പൂക്കോയ തങ്ങളുടെയും പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളുടെയും ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി.

പിന്നീട് മലപ്പുറത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അതിനുശേഷം നിരവധി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് കളക്ടറേറ്റിലെത്തി പത്രിക നല്‍കിയത്. ഒരുസെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.

പ്രചാരണത്തിനിറങ്ങിയതോടെ ആത്മവിശ്വാസം കൂടിയതായി പത്രികാ സമര്‍പ്പണത്തിനുശേഷം കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭൂരിപക്ഷം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ബി. ഫൈസല്‍ ചൊവ്വാഴ്ചയും എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് ബുധനാഴ്ചയും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.