മലപ്പുറം: ഒറ്റഹര്‍ത്താല്‍കൊണ്ട് 'മാന്യനായ' ആരെയെങ്കിലും കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടെ അതുസംഭവിച്ചിരിക്കുന്നു. വാട്‌സാപ്പിനാണ് ഈ മാറ്റം.

അടുത്തകാലംവരെ വാട്‌സാപ്പിലെ അനാവശ്യ സന്ദേശങ്ങളും വീഡിയോകളുംകൊണ്ട് ഫോണ്‍ തുറക്കാന്‍തന്നെ പലര്‍ക്കും പേടിയായിരുന്നു. ഇടവേളയില്ലാതെ ഒട്ടേറെ സന്ദേശങ്ങളായിരിക്കും ലഭിക്കുക. ഓരോ ദിവസവും സമ്മതമൊന്നും ചോദിക്കാതെ പുതിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പിന്മാറിയാല്‍ അതന്വേഷിച്ച് വിളികളും സന്ദേശങ്ങളും വരും. അതിനാല്‍ ഗ്രൂപ്പില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കും പലരും.

നഴ്‌സറിയില്‍ പഠിച്ചവര്‍മുതല്‍ ബസില്‍ സ്ഥിരമായി കയറുന്നവര്‍ക്ക് വരെയുണ്ട് ഗ്രൂപ്പ്. യാതൊരു നിയന്ത്രണവുമില്ലാതെ ആര്‍ക്കും ഏതുനേരവും ഉണ്ടാക്കാന്‍ പറ്റിയ ഒന്നായിരുന്നു ഇത്തരം ഗ്രൂപ്പുകള്‍. 'ഞാന്‍ ഇത്ര ഗ്രൂപ്പുകളുടെ അഡ്മിനാണ്' എന്ന് അഭിമാനത്തോടെ പറഞ്ഞവരും ഉണ്ടായിരുന്നു. അഡ്മിനാക്കിയില്ല എന്നുപറഞ്ഞ് ഗ്രൂപ്പ് വിട്ടവരും ഏറെ.

എന്നാല്‍, 'വാട്‌സാപ്പ് ഹര്‍ത്താലി'നുശേഷം വാട്‌സാപ്പ് 'മാന്യനാ'യി. സന്ദേശങ്ങളുടെ വരവ് ഏറെ കുറഞ്ഞു. അനാവശ്യ വീഡിയോകള്‍ കാണാതായി.

പ്ലസ്ടു തോറ്റ അഞ്ചു ചെറുപ്പക്കാരുടെ മനസ്സില്‍ തോന്നിയ ഹര്‍ത്താല്‍ എന്ന ആശയം കുറച്ചുപേര്‍ ഏറ്റെടുത്തപ്പോള്‍ അത് പ്രചരിപ്പിച്ചവര്‍ക്കൊക്കെ സന്തോഷമായിരുന്നു. പിറ്റേന്നുമുതല്‍ പോലീസ് വീട്ടില്‍ വന്നപ്പോഴാണ് സംഗതിയുടെ ഗൗരവം മനസ്സിലായത്. ഗ്രൂപ്പില്‍ ആരെങ്കിലും ഇട്ട സന്ദേശങ്ങള്‍ക്ക് അഡ്മിന്‍കൂടി ഉത്തരവാദിയാകുമെന്ന് പല അഡ്മിന്‍മാരും അറിഞ്ഞതുതന്നെ അതിനുശേഷം മാത്രം.

മലപ്പുറം ജില്ലാ ഇറിഗേഷന്‍ വിഭാഗത്തില്‍നിന്ന് വിരമിച്ച യു. ഉണ്ണികൃഷ്ണന്‍ ആറു വാട്‌സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിനാണ്. കേരളോത്സവം, റവല്യൂഷണറി, സഖാക്കള്‍, ചങ്ങാതിക്കൂട്ടം, ക്ലാപ്പ്, വള്ളുവനാട് ചങ്ങാതികള്‍ തുടങ്ങിയവ. ഹര്‍ത്താലിനുശേഷം ഗ്രൂപ്പുകളില്‍ മത-രാഷ്ട്രീയ സന്ദേശങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

കോഴിക്കോട്ട് നടക്കാവ് സ്റ്റേഷനിലെ പോലീസുകാരന്‍ ഒരു അഡ്മിനെ വിളിച്ച സന്ദേശം ഗ്രൂപ്പിലിട്ടിരുന്നു. ഇതിനുശേഷം അംഗങ്ങളോട് മതസ്​പര്‍ധയുണ്ടാക്കുന്ന പോസ്റ്റുകള്‍ ഇടരുതെന്നും പൊതുഗ്രൂപ്പുകളില്‍ രാഷ്ട്രീയം പോസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശം നല്‍കി. മുന്‍പ് കുട്ടിയെ കാണാതായി തുടങ്ങിയ മെസേജുകള്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. ഇന്ന് അതുപോലും കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഇന്ന് ആരെങ്കിലും അനാവശ്യ സന്ദേശമയച്ചാല്‍ അഡ്മിന്‍മാര്‍ വിലക്കും. അല്ലെങ്കില്‍ അവരെ പുറത്താക്കും. ഗ്രൂപ്പിന് നിയമങ്ങള്‍ വന്നു. അഡ്മിനാക്കാത്തതിന് പിണങ്ങിയവര്‍ ആ സ്ഥാനം ഒന്ന് ഒഴിവാക്കിത്തരുമോ എന്നു ചോദിച്ചാണ് നടക്കുന്നത്. എന്തും ഏതും കണ്ണുംപൂട്ടി അയച്ചവര്‍ ഇപ്പോള്‍ അതെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങി എന്നതാണ് അന്നത്തെ ഹര്‍ത്താല്‍കൊണ്ട് വാട്‌സാപ്പിനുണ്ടായ ഗുണം.