തിരുവനന്തപുരം: മലബാറിലെ നദികളെ ബന്ധിപ്പിച്ച് 300 കോടിയുടെ വിനോദസഞ്ചാരപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് അടുത്തവര്‍ഷം പൂര്‍ത്തിയാക്കും. കണ്ണൂര്‍ കളക്ടര്‍ അധ്യക്ഷനായി പദ്ധതിക്ക് മേല്‍നോട്ടസമിതി രൂപവത്കരിച്ചു. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിലെ എല്ലാനദികളെയും ബന്ധിപ്പിച്ച് 197 കിലോമീറ്റര്‍ നീളുന്ന വിനോദസഞ്ചാരപഥത്തിനാണ് രൂപംനല്‍കുന്നത്. നദികളിലൂടെ ശീതീകരിച്ച ബോട്ടില്‍ സഞ്ചരിച്ച് ഈ പ്രദേശത്തെ സാംസ്‌കാരികവൈവിധ്യവും ഭക്ഷണരീതികളുമൊക്കെ അനുഭവിക്കാനാവും. വിനോദസഞ്ചാരികളെ ക്ഷേത്രകലകളും പരിചയപ്പെടുത്തും. പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ടുജെട്ടികള്‍ നിര്‍മിക്കാന്‍ 15 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടും.

പ്രദേശത്ത് ഹോംസ്റ്റേകള്‍ തുടങ്ങുന്നതിനായി നാട്ടുകാര്‍ക്ക് കിറ്റ്‌സ് പരിശീലനം നല്‍കും. മുഴപ്പിലങ്ങാട്ട് മൂന്നരയേക്കറില്‍ 43 കോടിരൂപ ചെലവിട്ട് കെ.ടി.ഡി.സി. ത്രീസ്റ്റാര്‍ ഹോട്ടല്‍ നിര്‍മിക്കും.

തലശ്ശേരിയിലെ പൈതൃകടൂറിസം പദ്ധതിയും പൂര്‍ത്തിയാക്കും. ഇതിന് തദ്ദേശസ്ഥാപനങ്ങളും ഏജന്‍സികളും അനുമതി നല്‍കാന്‍ വൈകുന്നതാണ് തടസ്സം. ഇത് പരിഹരിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളെ പരിസ്ഥിതിസൗഹൃദവും ഭിന്നശേഷി സൗഹൃദവുമാക്കും. എല്ലാകേന്ദ്രങ്ങളും പ്ലാസ്റ്റിക് മുക്തമാക്കും.

ടൂറിസം മേഖലയില്‍ രണ്ടുവര്‍ഷംകൊണ്ട് 80,000 തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഉത്തരവാദിത്വ ടൂറിസം എന്ന ലക്ഷ്യത്തോടെ ടൂറിസം നയത്തിന് രൂപംനല്‍കും.

തീര്‍ഥാടനകേന്ദ്രങ്ങള്‍ക്കായുള്ള പദ്ധതിയില്‍ ശബരിമലയ്ക്കും തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിനുമായി 98 കോടിരൂപയുടെയും ഗുരുവായൂരിന് 46 കോടിയുടെയും പദ്ധതികള്‍ക്ക് കേന്ദ്രം ഭരണാനുമതി നല്‍കി. കന്യാകുമാരിയില്‍ കെ.ടി.ഡി.സി.യുമായി ചേര്‍ന്ന് അതിഥിമന്ദിരവും ഹോട്ടലും നിര്‍മിക്കും.

കെ.ടി.ഡി.സി.ക്ക് ആവശ്യമുള്ള വൈദ്യുതി സ്വയം ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതിനായി മലമ്പുഴയില്‍ രണ്ട് സൗരോര്‍ജപദ്ധതികള്‍ തുടങ്ങുമെന്നും മന്ത്രിയറിയിച്ചു.