പയ്യന്നൂർ: തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ്(16629) വ്യാഴാഴ്ച രാവിലെ ഏഴിമല റെയിൽവേ സ്റ്റേഷനിൽ നിർത്തിയില്ല. തൊട്ടടുത്ത സ്‌റ്റേഷനായ പയ്യന്നൂരിലാണ് വണ്ടി നിർത്തിയത്. ഏഴിമലയിൽ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരെ പയ്യന്നൂരിലാണ് ഇറക്കിയത്. ഏഴിമല സ്റ്റേഷനിൽ കാത്തുനിന്നവർക്ക് കയറാനുമായില്ല. ലോക്കോ പൈലറ്റിന്റെ പിഴവാണ് തീവണ്ടി ഏഴിമലയിൽ നിർത്താതെ പോയതിനു പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പയ്യന്നൂരിൽ ഇറങ്ങിയ യാത്രക്കാർ കാര്യം അന്വേഷിച്ചപ്പോഴാണ് ഏഴിമലയിൽ നിർത്തിയില്ലെന്ന കാര്യം ലോക്കോ പൈലറ്റ് ഓർക്കുന്നത്. രാവിലെ 8.04-നാണ് മലബാർ ഏഴിമലയിൽ എത്തേണ്ടത്. വൈകിയെത്തിയ തീവണ്ടി ഏഴിമലയിൽ നിർത്താതെ പോവുകയായിരുന്നു. ഏഴിമലയിൽ രാവിലെ മലബാർ എക്സ്പ്രസിന് ഒരു മിനിറ്റാണ് സ്റ്റോപ്പനുവദിച്ചിട്ടുള്ളത്. കണ്ണൂരിൽനിന്നുള്ള മംഗളൂരു പാസഞ്ചർ നേരത്തേ കടന്നുപോയതും യാത്രക്കാർക്ക് തിരിച്ചടിയായി. തൊട്ടുമുമ്പ് കടന്നുപോയ പാസഞ്ചർ ഇവിടെ നിർത്തിയിട്ടിരുന്നെങ്കിൽ അപകടത്തിനും സാധ്യതയുണ്ടായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.

തീവണ്ടി ഏഴിമലയിൽ നിർത്താതെ പോയതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ പറഞ്ഞു. ഏഴിമല ഹോൾഡിങ് സ്‌റ്റേഷൻ മാത്രമാണ്. അവിടെ സിഗ്നൽ സംവിധാനങ്ങളോ സ്‌റ്റേഷൻ മാസ്റ്ററോ ഇല്ല. അതിനാൽ മുൻകൂട്ടി നൽകുന്ന സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് അവിടെ വണ്ടികൾ നിർത്തുന്നത്. അതിനാൽ നിർദേശങ്ങൾ നൽകുന്നതിൽ പിഴവ് സംഭവിച്ചതാണോയെന്നും പരിശോധിക്കും.