ശബരിമല : പടി പതിനെട്ടും കയറിയെത്തിയവർക്കു മുന്നിൽ ശബരിമലക്കോവിലിന്റെ ശ്രീലകവാതിൽ തുറന്നു. കർപ്പൂരപ്രഭയിൽ തിരുവാഭരണമണിഞ്ഞ അയ്യപ്പന്റെ ദിവ്യരൂപം. സ്വാമിക്കുമുന്നിൽ പ്രാർഥനകളുടെ നറുനെയ് സമർപ്പിച്ച് ഭക്തർ. ഭക്തിയുടെ പൊൻമലയിൽ തെളിഞ്ഞ മകരജ്യോതിയും തൊഴുത് പതിനായിരങ്ങൾ മലയിറങ്ങി.

വ്രതനിഷ്ഠയിൽ കറുപ്പണിഞ്ഞവരുടെ തപോവനമായിരുന്നു ബുധനാഴ്ച സന്നിധാനം. സന്ധ്യയ്ക്ക് ആറരയോടെ കാനനവാസന് ചാർത്താനുള്ള തിരുവാഭരണങ്ങൾ എത്തിച്ചു. കർപ്പൂരദീപങ്ങളെ സാക്ഷിയാക്കി അയ്യന് ദീപാരാധന. ആടയാഭരണങ്ങളണിഞ്ഞ സ്വാമി തത്ത്വമസിയുടെ പൊരുളായി വിളങ്ങി.

പിന്നെ മിഴികളെല്ലാം പൊന്നമ്പലമേട്ടിലേക്ക്. തൊഴുകൈകളോടെ സന്നിധാനം കാത്തുനിന്നു. 6.51-ന് ഇരുളിനെ വെളിച്ചത്തിലേക്ക് ഉണർത്തി ദിവ്യജ്യോതിസ്. പൂങ്കാവനങ്ങളിൽ ശരണകീർത്തനം മുഴങ്ങി. പുണ്യസന്ധ്യയ്ക്ക് തിലകമായി വാനിൽ മകരനക്ഷത്രം ഉദിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്, മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികരായി.

റിട്ട. ജസ്റ്റിസ് അരിജിത് പസായത്ത്, ജസ്റ്റിസ് സി.ടി. രവികുമാർ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ, മെമ്പർമാരായ കെ.എസ്. രവി, എൻ. വിജയകുമാർ എന്നിവരും സന്നിഹിതരായിരുന്നു. ഭക്തർക്ക് ജനുവരി 20 വരെ മാത്രമേ അയ്യപ്പ ദർശനം ഉണ്ടാകൂ. 21-ന് നടയടയ്ക്കും.

Content Highlights: Makaravilakku