തൃശ്ശൂർ: സാഹിത്യത്തിലും സിനിമയിലും ആനവൈദ്യത്തിലും വ്യക്തിമുദ്ര ചാർത്തിയ മാടമ്പ് കുഞ്ഞിക്കുട്ടൻ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് തൃശ്ശൂരിലെ അശ്വിനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിെല 9.35-നാണ് അന്ത്യം. അഭിനേതാവായും അവതാരകനായും രാഷ്ട്രീയക്കാരനായും പ്രവർത്തിച്ച മാടമ്പ് തൃശ്ശൂർ കിരാലൂരിലെ മാടമ്പ് മനയിലായിരുന്നു താമസം. അസുഖം ബാധിച്ച് ചികിത്സ കഴിഞ്ഞ് തിരിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്നു. തുടർന്നുണ്ടായ പനി കാരണം ആശുപത്രിയിൽ വീണ്ടുമെത്തിച്ചപ്പോഴണ് കോവിഡ് സ്ഥിരീകരിച്ചത്.

തൃശ്ശൂർ ജില്ലയിലെ പെരുവനത്തെ ശങ്കരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനായി 1941 ജൂൺ 21-നാണ് ജനനം. മാടമ്പ് മനയിൽ ശങ്കരൻ നന്പൂതിരി എന്നാണ് യാഥാർഥ പേരെങ്കിലും മുത്തശി സ്നേഹത്തോടെ വിളിച്ചിരുന്ന കുഞ്ഞിക്കുട്ടൻ എന്ന പേര് സ്വീകരിച്ചു.

1970-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധപ്പെടുത്തിയ ‘അശ്വത്ഥാമാവാ’ണ് ആദ്യ നോവൽ. രണ്ടാമത്തെ നോവലായ ‘ഭ്രഷ്ട്’ 1973-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽത്തന്നെ പ്രസിദ്ധീകരിച്ചു. മാടമ്പിന്റെ 32-ാമത്തെ വയസ്സിൽ എഴുതിയ ‘ഭ്രഷ്ട്’ എന്ന നോവൽ സ്വസമുദായത്തിൽനിന്ന് ഉൾപ്പെടെ ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതും സിനിമയായി.

‘അശ്വത്ഥാമാവ്’ സിനിമയാക്കിയപ്പോൾ തിരക്കഥയെഴുതിയതും നായകനായതും മാടമ്പാണ്. നീണ്ട ഇടവേള കഴിഞ്ഞാണ് ദേശാടനത്തിന് തിരക്കഥയെഴുതിയത്. അതിനു ശേഷം പൈതൃകം ഉൾപ്പെടെ നിരവധി തിരക്കഥകളെഴുതി. 2000-ൽ കരുണം എന്ന തിരക്കഥ ദേശീയ പുരസ്കാരവും നേടി. അന്തർദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘അശ്വത്ഥാമാവ്’ സിനിമയിൽ നായകനായിരുന്ന മാടമ്പ് ‘ദേശാടനം’,’പൈതൃകം’ ഉൾപ്പെടെ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

മഹാപ്രസ്ഥാനം എന്ന നോവലിന് 1982-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം കിട്ടി. 2014-ലെ സഞ്ജയൻ പുരസ്കാരവും മാടമ്പിനായിരുന്നു.

തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റാണ്.

സാഹിത്യത്തിൽനിന്ന് രാഷ്ട്രീയത്തിലും ചേക്കേറിയ മാടമ്പ് 2001-ൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.

ആനകളെക്കുറിച്ച് ലേഖനങ്ങളെഴുതുകയും ചാനലിൽ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആത്മകഥാ രൂപത്തിൽ ‘എന്റെ തോന്ന്യാസങ്ങൾ’ എന്ന പുസ്തകമെഴുതിയിരുന്നു. ഭാര്യ: പരേതയായ സാവിത്രി അന്തർജ്ജനം. മക്കൾ: ജസീന,ഹസീന.

മരുമക്കൾ: വി.ടി. ശങ്കരനാരായണൻ, അഡ്വ. വിനോദ്.

കോവിഡ് ചട്ടങ്ങൾ പാലിച്ച് സംസ്ഥാന സർക്കാറിന്റെ ബഹുമതിയോടെ വേലൂർ കിരാലൂരിലെ മാടമ്പ് മന വളപ്പിൽ ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്കരിച്ചു.

content highlights: madampu kunjukuttan passes away