വടക്കാഞ്ചേരി: ഓർമകളിൽ തുമ്പിക്കൈ ഉയർത്തുന്ന മാടമ്പിന്റെ സല്ലാപത്തിൽ സ്ഥിരമായി അരങ്ങ് നിറയുന്ന ഒരു വാക്കുണ്ട്-‘‘കോവിലൻ ഇല്ലെങ്കിൽ മാടമ്പില്ല. മാടമ്പിനെ സാഹിത്യത്തിലേക്ക്‌ നയിച്ച ആചാര്യൻ’’.

അശ്വത്ഥാമാവ് ‘മാതൃഭൂമി’യിൽ കൊണ്ടുകൊടുക്കാൻ പറഞ്ഞത് കോവിലനായിരുന്നു. ശാന്തിക്കാരനും ആനക്കാരനും ട്യൂട്ടോറിയൽ അധ്യാപകനും സിനിമാക്കാരനും താന്ത്രിക സാധകനും എഴുത്തുകാരനുമെല്ലാമായി പകർന്നാടിയ ഒറ്റയാനും തോന്ന്യാസിയും നൊസ്സനുമാണ് താനെന്ന് മാടമ്പ് ആത്മകഥാ കുറിപ്പുകളിൽ (എന്റെ തോന്ന്യാസങ്ങൾ) എഴുതിയിട്ടുണ്ട്.

നീതീകരിക്കാനാവാത്തതിനോട് സ്വന്തം നിലപാടുതറയിൽ ഉറച്ചുനിന്നു കലഹിച്ച മാടമ്പ് കുഞ്ഞുകുട്ടൻ, ആഖ്യാനപാടവത്തിലെ സവിശേഷതകൾ വഴി വേറിട്ട വഴികൾ പകർന്നുനൽകിയ വ്യക്തിത്വമാണ്. കിരാലൂരിലെ മാടമ്പ് മനയിലേക്ക്‌ കടന്നുവരുന്നവർക്ക് മുന്നിൽ എന്നും നല്ല ആതിഥേയൻ.

ഒന്നും മറച്ചുവെക്കാതെ കൂടുതൽ അടുപ്പമുള്ളവരോട് സ്വയം വിമർശനത്തോടെ തന്റെ കഥയില്ലായ്മയുടെ കാലം സുതാര്യമായി മാടമ്പ് അനാവരണം ചെയ്യും. കുഞ്ഞുകുട്ടൻ എന്ന പേര് സ്വീകരിക്കാൻ നിർബന്ധിതമായതാണ്, അത് തൂലികാനാമമല്ല. മാടമ്പ് ശങ്കരൻ എന്നായിരുന്നു സംസ്‌കാരസിദ്ധമായ പേര്. അച്ഛനും മുത്തച്ഛനും ശങ്കരൻ. അമ്മയ്ക്കും മുത്തശ്ശിക്കും ആ പേര് വിളിക്കാൻ വയ്യ. അങ്ങനെ കുഞ്ഞുകുട്ടനായി.

പണ്ഡിതരാജ താർക്കിക തിലകമാവാനായിരുന്നു പൂതി. എഴുത്തുകാരനാകണമെന്ന് മോഹിച്ചില്ല. ആഗ്രഹമെങ്കിലും അതായില്ല. ക്ഷേത്രം ശാന്തിയും റേഡിയോ റിപ്പയററും സ്‌പ്രേ പെയിന്ററും ട്യൂട്ടോറിയൽ അധ്യാപകനുമായി. അവസാനം തിരക്കഥാകൃത്തും നടനും എഴുത്തുകാരനും.

പത്തിൽ വിസ്തരിച്ച് തോറ്റു. മുണ്ടത്തിക്കോടും വേലൂരുമായിരുന്നു പഠനം. മനയ്ക്കലെ ആനകളുമായിട്ടുള്ള അടുപ്പം ചാനലിൽ തുടർച്ചയായി ഇ ഫോർ എലിഫെന്റ് എന്ന പരിപാടി നടത്താൻ അവസരം കൈവരുത്തി. പൂമുള്ളി ആറാംതമ്പുരാനിൽ നിന്ന് ആനക്കമ്പം മൂത്ത് ഹസ്ത്യായുർവേദവും മാദംഗലീലയും പഠിച്ചെടുത്തു.

പിന്നീട് വാഴക്കുന്നത്തിന്റെ അടുത്തുനിന്ന് ജാലവിദ്യയുെടെ ബാലപാഠവും. ഇതിനിടയിലാണ് കൊടുങ്ങല്ലൂരിൽ നിന്ന് കുഞ്ഞുക്കുട്ടി തമ്പുരാട്ടിയുടെ വിളി. അവരുടെ സ്ഥാപനത്തിൽ മലയാളം പഠിപ്പിക്കാനായിരുന്നു ക്ഷണം. കൊടുങ്ങല്ലൂർ ഭഗവതിയുടെ തിരുമുറ്റത്തുനിന്നാണ് എഴുത്തുകാരനെന്ന മേൽവിലാസം കൈവന്നതെന്ന് മാടമ്പ് സ്മരിക്കാറുണ്ട്. അശ്വത്ഥാമാവിലെ ആദ്യ വാക്ക് മനസ്സിൽ ഉണർന്നത് ഒരു ഓണം ഉത്രാടത്തിന് ദേവീസന്നിധിയിലായിരുന്നു. തുടക്കത്തിൽ നാലു നാടകങ്ങളും എഴുതി. തുടർന്നാണ് ‘ഭ്രഷ്ട്’ എഴുതുന്നത്.

കുട്ടിക്കാലം മുതൽ കേൾക്കുന്ന കുറിയേടത്ത് താത്രിയുടെ കഥ. ചരിത്രഗ്രന്ഥമല്ലാതിരുന്നിട്ടും പലരും ചരിത്രപരമായി അതിനെ ധരിച്ചു. യഥാർത്ഥത്തിൽ അന്ന് ഒരു ചരിത്രരേഖയും കണ്ടിട്ടില്ലെന്ന് മാടമ്പ് ആണയിടുന്നു. കുറിയേടത്ത് താത്രി അവതാരമായി മാറിയിട്ടുണ്ടെങ്കിൽ അതിന് സാരമല്ലാത്ത പങ്ക് താനും വഹിച്ചിട്ടുണ്ടെന്ന് മാടമ്പ് അവകാശപ്പെടാറുണ്ട്.

ഭ്രഷ്ടിനു ലഭിച്ച പ്രചാരവും പ്രസിദ്ധിയും താത്രിയുടെ പേരിലാണ്. പരോക്ഷമായി അവരെ അവതാരമായി മാറ്റിയതിൽ താനും സഹായിച്ചതായി മാടമ്പ് എവിടെയും പറയുന്നു. മാടമ്പിനെ ഏറെ ശ്രദ്ധേയനാക്കിയത് സിനിമയാണ്. അശ്വത്ഥാമാവ് ആദ്യം സിനിമയാക്കിയത് കെ.ആർ. മോഹനനും പി.ടി. കുഞ്ഞുമുഹമ്മദുമായിരുന്നു. ഈ സിനിമയിൽ നായകനായി അഭിനയിച്ചതും മാടമ്പായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. അധികവും മാടമ്പ് തിരക്കഥ എഴുതിയത് ജയരാജിനു വേണ്ടിയാണ്.

. ഇടതുപക്ഷ സഹയാത്രികനായി പ്രയാണം തുടങ്ങിയ മാടമ്പ് 2006-ൽ കൊടുങ്ങല്ലൂരിൽ ബി.ജെ.പി. സ്ഥാനാർഥിയായി നിയമസഭയിലേക്ക്‌ മത്സരിച്ചു. തപസ്യയുടെ നേതൃനിരയിലും ഇടക്കാലത്ത് സജീവമായി.