ധെര്‍മടം: എഴുത്തുകാര്‍ ഗണ്‍മാന്റെ കൂടെ സഞ്ചരിക്കേണ്ട കാലം വൈകാതെ വരുമെന്ന് എം.മുകുന്ദന്‍ പറഞ്ഞു. ധര്‍മടം ബാങ്ക് ഏര്‍പ്പെടുത്തിയ എം.പി.കുമാരന്‍ സാഹിത്യപുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വേച്ഛാധിപതികളാണ് എഴുത്തുകാരെ ഭയപ്പെടുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് നമുക്കുചുറ്റും കാണുന്ന സംഭവങ്ങള്‍. ആശയങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എം.ടി., കമല്‍ വിവാദങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

നിരന്തരം സംവദിക്കുകയും കലഹിക്കുകയും ചെയ്യുന്ന ആളായിരിക്കണം എഴുത്തുകാരന്‍. എഴുത്തുകാരനെ ഒരു കള്ളിയിലും പ്രതിഷ്ഠിക്കാന്‍ സാധിക്കില്ല. സര്‍ഗാത്മകത ഉള്ളില്‍ ആളുമ്പോള്‍ എവിടെയായാലും എഴുത്തുകാരന്‍ എഴുതും. പരിക്കേല്‍ക്കുന്ന മനുഷ്യന്റെയടുത്ത് എഴുത്തുകാരനുണ്ടാവണം -മുകുന്ദന്‍ പറഞ്ഞു.