തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിന് അടുത്തായി രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമാവും. കടൽ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റാകുമോയെന്ന് പറയാനാവില്ല.
ഇപ്പോൾ മിനിക്കോയി ദ്വീപിനടുത്തുള്ള ന്യൂനമർദം അമിനി ദ്വീപിനു സമീപത്തേക്ക് നീങ്ങുകയാണ്. ഇതിന്റെ ഫലമായി കേരളത്തിൽ ചില സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരളതീരത്തിനുപുറമേ, കർണാടക, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി പ്രദേശങ്ങളിലും ചൊവ്വാഴ്ച മീൻപിടിക്കാൻ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
പവൻ ചുഴലിക്കാറ്റ് സോമാലിയയിലേക്ക്
തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട മറ്റൊരു ന്യൂനമർദം അതിതീവ്ര ന്യൂനമർദമായതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇത് രണ്ടുദിവസത്തിനുള്ളിൽ ചുഴലിക്കാറ്റായി മാറും. ഈ കാറ്റിന് പവൻ എന്നായിരിക്കും പേര്. ശ്രീലങ്ക നിർദേശിച്ച പേരാണിത്. ചുഴലിക്കാറ്റ് സോമാലിയ തീരത്തേക്ക് നീങ്ങും. കേരളത്തെ നേരിട്ട് ബാധിക്കില്ല.
content highlights: low pressure area formed near lakshdweep area