കൊച്ചി: പ്രണയത്തിന് സംരക്ഷണമൊരുക്കാൻ കേരളത്തിൽ ‘പ്രണയസേന’യെത്തുന്നു. പ്രണയത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട കെവിന്റെയും അതിന്റെ ദുഃഖത്തിൽ മനസ്സുനീറി കഴിയുന്ന നീനുവിന്റെയും അനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ലവ് കമാൻഡോസ്’ ആണ് ഇതിനുപിന്നിൽ.

സംസ്ഥാനത്തെ ഒരോ വാർഡിലും കുറഞ്ഞത് പത്തുപേരെ ഉൾപ്പെടുത്തിയാകും സേനയുണ്ടാക്കുക. അവർക്ക് പ്രത്യേക പരിശീലനവും നൽകും. ഒരു വർഷത്തിനകം ഒരുലക്ഷം പേർക്ക് പരിശീലനം നൽകി, പ്രണയിക്കുന്നവർക്ക് കാവലാളാക്കുകയാണ് സംഘടന ലക്ഷ്യമിടുന്നത്. രാജ്യത്ത് 52,000 പ്രണയവിവാഹങ്ങൾ നടത്തിക്കൊടുത്തിട്ടുള്ള സംഘടനയാണിത്.

പ്രണയസേനയുണ്ടാക്കുന്നതിന്റെ ഭാഗമായി ‘ലവ് കമാൻഡോസ് കേരളഘടകം 22-ന് കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്നിക് ഹാളിൽ കൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാനത്ത് ദുരഭിമാനക്കൊല ഇല്ലാതാക്കാനും പ്രണയിച്ചതിന്റെ പേരിൽ ഇനി ഒരാളും കുഴപ്പത്തിലാകാതിരിക്കാനുമാണ് ഈ യത്നമെന്ന് ലവ് കമാൻഡോസ് കേരള ചീഫ് കോ-ഓർഡിനേറ്റർ അനിൽ ജോസ് പറഞ്ഞു.

പ്രണയത്തിലായവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ കൂട്ടായ്മയിൽ വിദഗ്ധരുണ്ടാകും. അടിയന്തരപ്രശ്നങ്ങൾ നേരിടുന്നവർക്ക്, സ്വകാര്യത നഷ്ടപ്പെടാത്തവിധം ഉത്തരം നൽകാൻ നിയമ വിദഗ്‌ധരുമായും മനുഷ്യാവകാശ പ്രവർത്തകരുമായും ചർച്ചയ്ക്ക് അവസരവുമുണ്ട്. ലവ് കമാൻഡോസിന്റെ ദേശീയ നേതാവും മുതിർന്ന മാധ്യമപ്രവർത്തകനുമായ സഞ്ജയ് സച്‌ദേവ് കൂട്ടായ്മയിൽ പങ്കെടുക്കും.

പ്രണയബന്ധത്തിലും വൈവാഹിക ജീവിതത്തിലും പ്രശ്നങ്ങളുള്ളവർ, ജോലി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ, സാമൂഹികമായ പിന്തുണ വേണ്ടവർ, യോജിച്ച പങ്കാളിയെ തേടുന്നവർ തുടങ്ങിയവർക്കെല്ലാം കൂട്ടായ്മ സഹായം നൽകും. ‘ഒന്നാകാൻ ഒന്നിക്കാം’ എന്ന സന്ദേശത്തോടെ പ്രണയികൾക്കായി എറണാകുളത്തു നടത്തിയ യത്നത്തിന്റെ തുടർച്ചയാണിത്. കൂട്ടായ്മയും പ്രണയസേനയും. വിശദവിവരങ്ങൾക്ക് ഫോൺ: 9447498430

content highlights: Love commando's will start function in Kerala to help lovers