തിരുവനന്തപുരം: ലോട്ടറി ചട്ടഭേദഗതി അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഡിവിഷൻ െബഞ്ചിൽ അപ്പീൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമവിരുദ്ധ ലോട്ടറിക്കെതിരേ മുതിർന്ന അഭിഭാഷകരെ നിയോഗിച്ച് നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. തിങ്കളാഴ്ച അപ്പീൽ നൽകാനാണ് ആലോചിക്കുന്നത്. ലോട്ടറി മാഫിയയെ കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി. നിയമം നടപ്പാക്കിയശേഷം ലോട്ടറി ഒരു ചരക്കായി നിർവചിക്കപ്പെട്ടിട്ടുണ്ട്.
എസ്.ജി.എസ്.ടി. നിയമവും ചട്ടവും അനുസരിച്ചാണോ ലോട്ടറി നടത്തിപ്പെന്ന് നികുതിവകുപ്പും പരിശോധിക്കും. ഇതുസംബന്ധിച്ച് ജി.എസ്.ടി. ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതരസംസ്ഥാന ലോട്ടറിക്ക് രജിസ്‌ട്രേഷൻ ലഭിച്ചാലും നികുതി വെട്ടിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള അധികാരം നികുതിവകുപ്പിനുണ്ട്. കേന്ദ്ര ലോട്ടറി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും. കൂട്ടിച്ചേർത്ത ഭാഗം മാത്രമാണ് കോടതി റദ്ദാക്കിയത്. ബാക്കി വ്യവസ്ഥകൾ നിലനിൽക്കുന്നു. ലോട്ടറി നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രനിർദേശങ്ങൾ അനുസരിച്ചാകും സംസ്ഥാനസർക്കാർ പ്രവർത്തിക്കുക.
ലോട്ടറി വിൽപ്പനക്കാരെക്കൂടി അണിനിരത്തി ലോട്ടറി മാഫിയയുടെ നീക്കം ചെറുക്കാനാണ് ആലോചിച്ചിട്ടുള്ളത്. അവരുടെ പ്രതിനിധികളുമായി ധനമന്ത്രി കൂടിയാലോചന നടത്തിയിരുന്നു. സംസ്ഥാന ലോട്ടറി എത്രത്തോളം ആകർഷകമാക്കാമെന്നതിലും ആലോചനയുണ്ടാകും. ലോട്ടറി ഏജന്റുമാരുമായി ഇതരസംസ്ഥാന ലോട്ടറിക്കാർ ചർച്ച നടത്തുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ജി.എസ്.ടി. വന്നതോടെ ലോട്ടറിക്ക് ഇരട്ടനികുതി നൽകേണ്ടിവന്നതോടെയാണ് ഇതരസംസ്ഥാന ലോട്ടറിക്കാർ വിട്ടുനിന്നത്. എന്നാൽ, രണ്ടാം എൻ.ഡി.എ. സർക്കാർ എല്ലാവർക്കും കുറഞ്ഞ ഏകീകൃത നികുതി എന്ന നിലപാട് അംഗീകരിക്കുകയായിരുന്നു. ബി.ജെ.പി.യുടെ സഹായത്തോടെ ഇന്ത്യയൊട്ടാകെ പിടിമുറുക്കാനുള്ള നീക്കമാണ് ലോട്ടറി മാഫിയ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.