തിരുവനന്തപുരം: വ്യാജസമ്മതപത്രത്തിന്റെ പേരിൽ ജോലിനഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ്. ശ്രീജയ്ക്ക് ജോലികിട്ടും. ശ്രീജയ്ക്ക് നിയമനശുപാർശ തയ്യാറാക്കാൻ പി.എസ്.സി. യോഗം നിർദേശിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലാണ് നിയമനശുപാർശ തയ്യാറാക്കുന്നത്.

വ്യാജസമ്മതപത്രത്തിന്റെ പേരിലാണ് തന്നെ റാങ്ക്പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന ശ്രീജയുടെ പരാതി ക്രൈംബ്രാഞ്ചിനു കൈമാറാനും പി.എസ്.സി. യോഗം തീരുമാനിച്ചു. റാങ്ക്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന സമ്മതപത്രം യഥാർഥ ഉദ്യോഗാർഥിയുടേതല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ പി.എസ്.സി. കണ്ടെത്തി.

ആ ശ്രീജ വേറെ

സമ്മതപത്രം നൽകിയത് താനാണെന്നറിയിച്ച് അതേ പേരിലുള്ള കൊല്ലം സ്വദേശിനിയായ സർക്കാർ ജീവനക്കാരി പി.എസ്.സി.ക്ക് കത്തുനൽകി. കുന്നത്തൂരിൽ റവന്യൂവകുപ്പിൽ ക്ലാർക്കാണ് ഇവർ. റാങ്ക്പട്ടികയിലുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി തെറ്റിദ്ധരിച്ചാണ് സമ്മതപത്രം നൽകിയതെന്നും തെറ്റുപറ്റിയതിൽ ക്ഷമിക്കണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

പേരും ഇനീഷ്യലും ജനനത്തീയതിയും ഒരുപോലെ വന്നതാണ് തെറ്റിദ്ധാരണയ്ക്കു കാരണമായതെന്നു പറയുന്നു. ഒട്ടേറെ പി.എസ്.സി. പരീക്ഷകൾ എഴുതിയിട്ടുള്ളതിനാൽ കോട്ടയത്തെ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ റാങ്ക്പട്ടികയെക്കുറിച്ച് സംശയം തോന്നിയില്ല. 2014-ൽ തനിക്ക് സർക്കാർജോലി ലഭിച്ചതിനാൽ മറ്റൊരാൾക്ക് ജോലി കിട്ടട്ടേയെന്നു കരുതിയാണ് സമ്മതപത്രം നൽകിയത് -കത്തിൽ പറയുന്നു. ഈ കത്തും പോലീസിനു കൈമാറും.

വ്യാജസമ്മതപത്രം നൽകാൻ കൂട്ടുനിന്നവർക്കെതിരേയും നടപടി വേണമെന്നാണ് പി.എസ്.സി.യുടെ ആവശ്യം. നോട്ടറിയുടെയും ഗസറ്റഡ് ഉദ്യോഗസ്ഥന്റെയും സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സമ്മതപത്രം സ്വീകരിച്ചതെന്ന് പി.എസ്.സി. വിശദീകരിക്കുന്നു.