പെരിയ: ‘ഒരാൾ ഒരു കാര്യം ആത്മാർഥമായി ആഗ്രഹിച്ചാൽ ലോകം മുഴുവൻ കൂടെ നിൽക്കു’മെന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ പുല്ലൂർ എടമുണ്ടയിലെ സിദ്ധാർഥിന് ഇനി പ്രിയപ്പെട്ടതാകും. ഏറെ ആഗ്രഹിച്ചും പരിശ്രമിച്ചും സ്വന്തമാക്കിയ ‘കാനൻ’ ക്യാമറ കൈയിൽപിടിച്ച് സിദ്ധു തന്നെ പറയും തന്റെ ആഗ്രഹപൂർത്തീകരണത്തിന്റെ കഥ. സിദ്ധാർഥിന്റെ കൈയിലെത്തിയ ക്യാമറയ്ക്ക് പിന്നിൽ ഇഴപിരിയാത്ത സൗഹൃദത്തിന്റെ പിന്തുണയും സ്നേഹവുമുണ്ട്.

ആറാം ക്ലാസിൽ തുടങ്ങിയതാണ് സിദ്ധാർഥിന് ക്യാമറയോടുള്ള ഇഷ്ടം. എന്നും എപ്പോഴും ക്യാമറയെക്കുറിച്ച് മാത്രം പറയുന്ന സിദ്ധുവിന് പലപ്പോഴും കൂട്ടുകാരുടെ കളിയാക്കലും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ക്യാമറാഭ്രമം വിടാൻ അവൻ തയ്യാറായില്ല. ക്യാമറയുടെ വില ചോദിച്ച് കൂട്ടിയും കിഴിച്ചും പണമുണ്ടാക്കാനുള്ള വഴികൾ തേടി. ഇലക്ട്രീഷ്യനും നാടകനടനുമായ അച്ഛൻ ജയചന്ദ്രനും മകന്റെ ആവശ്യം പെട്ടെന്ന് നടത്തിക്കൊടുക്കുക എളുപ്പമായിരുന്നില്ല. പകുതി പണമുണ്ടാക്കിയാൽ ക്യാമറ വാങ്ങിത്തരണമെന്ന് അവൻ അമ്മ ശകുന്തളയോട് പറഞ്ഞു.

കൊച്ചുകുട്ടിയായ അവൻ ഇത് മറക്കുമെന്ന് കരുതി കളക്ഷൻ ഏജന്റ് കൂടിയായ ശകുന്തള മകന്റെ ആഗ്രഹത്തിന് സമ്മതം മൂളി. എന്നാൽ അവൻ ക്യാമറയെ മറന്നില്ല. ഏഴാംക്ലാസ്‌ മുതൽ പത്രവിതരണത്തിനിറങ്ങിയ സിദ്ധു കിട്ടിയ പണമത്രയും സൂക്ഷിച്ചുവെച്ചു. കൂട്ടുകാരായ ദിവിൻ രാജിനും ശ്രീഹരിക്കുമൊപ്പം അവധിദിനത്തിൽ ഗ്രാമത്തിലെ വീടുകളിൽ അടക്ക പൊളിച്ചു. നാലുവർഷത്തെ സമ്പാദ്യവും വിഷുക്കൈനീട്ടങ്ങളുമെല്ലാം ചേർത്ത് 11,500 രൂപയുമായി അവൻ അമ്മയ്ക്ക് മുന്നിൽ ക്യാമറാകാര്യം അവതരിപ്പിച്ചു. 4000 രൂപ അമ്മ നൽകി. എന്നിട്ടും ക്യാമറയിലേക്കെത്തിയില്ല.

ഇതോടെ സിദ്ധാർഥിന്റെ ആഗ്രഹം സഫലമാക്കാൻ കൂട്ടുകാരും ഒപ്പം കൂടി. കൊടവലത്തെ ദിവിൻ രാജ് സ്വരൂപിച്ച 2000 രൂപയും എടമുണ്ടയിലെ കൂട്ടുകാരായ അജയ് ചന്ദ്രന്റെയും രാഹുലിന്റെയും കൊച്ചുസമ്പാദ്യവുമെല്ലാം ചേർത്തുപിടിച്ച് അവർ ക്യാമറയെന്ന സ്വപ്നം യാഥാർഥ്യമാക്കി. കഴിഞ്ഞദിവസം ക്യാമറ സിദ്ധുവിന്റെ കൈയിലെത്തി. ആദ്യ ക്ലിക്കിനായി സിദ്ധാർഥ്‌ സിദ്ധാർഥ്‌ തിരഞ്ഞെടുത്തത്‌ കൂടെനിന്ന കൂട്ടുകാരെയും അച്ഛനെയും അമ്മയെയും തന്നെയായിരുന്നു.