തിരുവനന്തപുരം: ലോകായുക്തയുടെ വിധിയും പരാമർശവും കസേര നഷ്ടമാക്കിയവരുടെ കൂട്ടത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രൻമുതൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പവരെയുള്ളവർ. പ്രതിപക്ഷ മുറവിളിയെക്കാൾ സ്വന്തം പാർട്ടിക്കുള്ളിൽ തക്കംപാർത്തിരുന്നവർ രാജിയാവശ്യം ഏറ്റുപിടിച്ചതാണ് രാമചന്ദ്രന്റെയും മറ്റും പടിയിറക്കത്തിന് ആക്കംകൂട്ടിയത്.

2006-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന രാമചന്ദ്രന്റെ വകുപ്പ് മന്ത്രിസഭാ പുനഃസംഘടനയോടെ എടുത്തുമാറ്റിയേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. മന്ത്രിസഭാ യോഗത്തിൽനിന്ന് അദ്ദേഹം വിട്ടുനിന്നതോടെ ഇത് ശക്തമായി. അതിനിടെയാണ് ആരോഗ്യവകുപ്പിലെ ക്രമക്കേട് സംബന്ധിച്ച പരാതി ലോകായുക്ത പരിഗണിക്കുന്നത്. മന്ത്രിക്കും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ് അയച്ചു. മുഖ്യമന്ത്രിയുടെ അറിവിലേക്ക് ലോകായുക്ത പ്രത്യേക കുറിപ്പും നൽകി.

കുറിപ്പിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചു. അതിനിടെ ലോകായുക്തയിൽ മൊഴിനൽകിയ വയനാട് ഡി.എം.ഒ.യെ മന്ത്രി ഭീഷണിപ്പെടുത്തിയെന്ന വിവരം പുറത്തുവന്നു. പരാതിക്കാരനെ മന്ത്രി ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ടേപ്പ് ജനുവരി 13-ന് ഒരു ചാനൽ പുറത്തുവിട്ടതോടെ വിവാദം വീണ്ടും കത്തി. മന്ത്രിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. വൈകുന്നേരത്തോടെ മുഖ്യമന്ത്രിതന്നെ രാമചന്ദ്രന്റെ രാജി സ്ഥിരീകരിച്ചു. ലോകായുക്ത ഉത്തരവ് വരുംമുമ്പായിരുന്നു രാമചന്ദ്രന്റെ രാജി.

കൂടുതൽ അധികാരങ്ങളുള്ള കർണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ റിപ്പോർട്ടാണ് കർണാടക മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പയുടെ വൻവീഴ്ചയ്ക്കു കാരണമായത്.

ദക്ഷിണേന്ത്യയിൽ ആദ്യ ബി.ജെ.പി. സർക്കാർ രൂപവത്കരിച്ചാണ് 2008-ൽ െയദ്യൂരപ്പ താരമായത്. കെണിയായത് അനധികൃത ഖനനവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോർട്ടായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത് െയദ്യൂരപ്പയും കുടുംബവും അഴിമതി നടത്തിയെന്ന ലോകായുക്ത റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്രനേതൃത്വം ഇടപെട്ട് 2011 ജൂലായ് 28-ന് രാജിവെപ്പിക്കുകയായിരുന്നു.

ഉത്തർപ്രദേശിൽ മൃഗസംരക്ഷണ മന്ത്രിയായ അവത് പാൽസിങ് യാദവിനെ നീക്കംചെയ്യണമെന്ന ലോകായുക്ത വിധിയിൽ 2011-ൽ മുഖ്യമന്ത്രി മായാവതി അദ്ദേഹത്തിൽനിന്ന് രാജിവാങ്ങി. മൃഗാശുപത്രികൾ നിർമിക്കാനുള്ള കരാറുകൾ ബന്ധുക്കൾക്ക് നൽകിയെന്നായിരുന്നു ആരോപണം.

ജാമാതാവിനെ ജയിൽവകുപ്പിൽ വെൽഫയർ ഓഫീസറായി നിയമിച്ച മധ്യപ്രദേശ് മന്ത്രി ഹാജി ഇനായത്ത് മുഹമ്മദ് പൊതുസ്ഥാനങ്ങളൊന്നും വഹിക്കാൻ പാടില്ലെന്ന് 1985-ൽ മധ്യപ്രദേശ് ലോകായുക്ത പി.വി. ദീക്ഷിത് വിധിപറഞ്ഞിരുന്നു. 2011 ഫെബ്രുവരിയിൽ ലോകായുക്ത കുറ്റക്കാരനെന്നു കണ്ടെത്തിയ ഡൽഹി മന്ത്രി രാജ്കുമാർ ചൗഹാൻ അടക്കം പലരും രാജിവെക്കാത്ത ചരിത്രവുമുണ്ട്.

കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയ ലോകായുക്ത, അനധികൃത നിയമനം നേടിയവരെ പിരിച്ചുവിടാനും വി.സി., പ്രോ വി.സി., തിരഞ്ഞെുടപ്പ് സമിതിയിലുണ്ടായിരുന്ന നാലംഗങ്ങൾ എന്നിവർക്കെതിരേ ക്രിമിനൽനടപടി സ്വീകരിക്കാനും ഉത്തരവിട്ടിരുന്നു. സർവകലാശാലാ നിയമനം പി.എസ്.സി.ക്കു വിടണമെന്ന് ഇതോടൊപ്പം ലോകായുക്ത പുറത്തിറക്കിയതുമാത്രം സർക്കാർ നടപ്പാക്കി. മറ്റു പരാമർശങ്ങൾക്കെതിരേ ഹൈക്കോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ടതിനാൽ നിയമിക്കപ്പെട്ടവർക്ക് തുടരാൻ കോടതി അനുമതിനൽകി. എന്നാൽ, ഉത്തരവാദികൾക്കെതിരായ നിയമനടപടി തുടരാമെന്നായിരുന്നു വിധി. ഇതിനെതിരേയും സർക്കാർ അപ്പീൽ നൽകിയിരിക്കുകയാണ്.

വിധി നടപ്പാക്കാൻ സർക്കാരിനു ബാധ്യത

മന്ത്രി കെ.ടി. ജലീലിനെതിരായി ലോകായുക്ത നടത്തിയ വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. വിധി തെറ്റാണെന്നു കരുതാനാവില്ല. ഒരു പൊതുപ്രവർത്തകൻ ആ സ്ഥാനത്ത് തുടരാൻ പാടില്ലെന്ന് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിധിക്കാനുള്ള അധികാരം ലോകായുക്തയ്ക്കുണ്ട്. അതിന് ഒരു ശുപാർശാ സ്വഭാവമല്ല. അതേസമയം, ഹൈക്കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാകും. -ജസ്റ്റിസ് എൻ. കൃഷ്ണൻ നായർ, മുൻ ഉപലോകായുക്ത