കൊച്ചി: ജോലിക്ക് നിൽക്കുന്ന വീട്ടിൽനിന്ന് കഴിഞ്ഞദിവസമാണ് മിനി (യഥാർഥ പേരല്ല) സ്വന്തം വീട്ടിലേക്കു മടങ്ങിയത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നായിരുന്നു ഇത്. എന്നാൽ, വീട്ടിൽ കിട്ടിയത് പ്രതീക്ഷിച്ച സ്വീകരണമല്ല. അകത്തേക്കു കയറാൻ ഭർത്താവ് സമ്മതിച്ചില്ല.

‘കൊറോണയെല്ലാം പോയിട്ട് വന്നാൽ മതി’യെന്നായിരുന്നു നിലപാട്. ഭർത്താവിന്റെ ചീത്ത ഭയന്ന് ബന്ധുക്കളും അയൽവീട്ടുകാരും കൈയൊഴിഞ്ഞതോടെ മിനി പെരുവഴിയിലായി. ഒടുവിൽ പോലീസിന്റെ ഇടപെടലിലാണ് മറ്റൊരു സ്ഥലത്ത് താമസസൗകര്യം ഒരുങ്ങിയത്.

മിനിയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പോലീസ് അധികൃതർ പറയുന്നു. കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന പെൺകുട്ടിയോട് വീട്ടിലേക്ക് വരേണ്ടെന്ന് വിളിച്ചുപറഞ്ഞത് സ്വന്തം അച്ഛനും അമ്മയുമാണ്. പോലീസ് ഇവരെ വിളിച്ചു സംസാരിച്ചെങ്കിലും പേടിയാണെന്നായിരുന്നു മറുപടി. ജോലിചെയ്യുന്ന സ്ഥാപനം ഒടുവിൽ താമസസൗകര്യം ഒരുക്കി.

‘കൊറോണ വരുമോ എന്ന ഭീതിയിലാണ് പലരും ഇതെല്ലാം ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നിയമത്തിന്റെ അധികാരം പ്രയോഗിച്ചു അവരെ വീടുകളിൽ പ്രവേശിപ്പിക്കുന്നത് ഗുണംചെയ്യില്ല. അതിനാൽ മറ്റു താമസസൗകര്യങ്ങൾ ഒരുക്കുകയാണ് ചെയ്യുന്നത്’ -മിനിയുടെ പരാതി പരിഹരിച്ച പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ജോലിസ്ഥലത്തുനിന്ന്‌ മടങ്ങിയെത്തുന്ന സ്ത്രീകൾക്ക് വീട്ടുകാരുൾപ്പെടെ പ്രവേശനം നിഷേധിക്കുന്നതായി ഏറെ പരാതികൾ ഉയരുന്നുണ്ടെന്നു വനിതാ ശിശു വികസന വകുപ്പ് അധികൃതരും പറയുന്നു. ഇത്തരത്തിൽ താമസം നിഷേധിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാർതലത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന ഹോസ്റ്റലുകളും മറ്റുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

Content Highlight: Lockdown: wife ousted from house by her husband