തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ.) നോക്കിയുള്ള ലോക്ഡൗൺ രീതിക്കുപകരം തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ ഒരാഴ്ചയിലെ രോഗികളുടെ എണ്ണം കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വിദഗ്ധസമിതിയിൽ നിർദേശം. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗത്തിൽ ഇതുൾപ്പെടെയുള്ള നിർദേശങ്ങൾ പരിഗണിച്ചേക്കും.

ടി.പി.ആർ. അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾക്കെതിരേ വലിയ പ്രതിഷേധമുണ്ട്. ഇങ്ങനെ നിയന്ത്രിച്ചിട്ടും രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ പുതിയ നിർദേശം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ടി.പി.ആർ. പരിഗണിച്ചുള്ള നിയന്ത്രണം അശാസ്ത്രീയമാണെന്ന് നേരത്തേതന്നെ സമിതിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.

പരിശോധനയ്ക്ക് വിധേയരാകുന്നവരിൽ രോഗികളായി കണ്ടെത്തുന്നവരുടെ നിരക്ക് നോക്കുമ്പോൾ, വിരലിലെണ്ണാവുന്നത്ര രോഗികളുള്ള സ്ഥലങ്ങളിൽപ്പോലും നിരക്ക് കൂടാൻ സാധ്യതയുണ്ട്. അതിന്റെ പേരിൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ഡൗൺ വരും. ഇതിനുപകരം തദ്ദേശസ്ഥാപനാതിർത്തിയിൽ ഒരാഴ്ചയിലെ ആകെ രോഗികളുടെ എണ്ണമെടുക്കണം. ആ തദ്ദേശസ്ഥാപനത്തിൽ ആയിരത്തിൽ അഞ്ചിലധികംപേർക്ക് രോഗബാധ സ്ഥിരീകരിച്ചാൽമാത്രം ആ പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് വിദഗ്ധസമിതിയുടെ ശുപാർശ. ഇങ്ങനെയായാൽ രോഗികളുടെ എണ്ണം കുറഞ്ഞസ്ഥലങ്ങളിലും കടുത്ത നിയന്ത്രണങ്ങളുണ്ടാകുന്നത് ഒഴിവാക്കാം.