കൊച്ചി: അടച്ചിരിപ്പുകാലത്തിന് പിന്നാലെ കാഴ്ചാപ്രശ്നങ്ങൾക്ക് ചികിത്സതേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. മൊബൈൽ ഫോൺ, ലാപ്‌ടോപ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗസമയം കൂടിയതും ചെറിയ സ്‌ക്രീനുകളിൽ കൂടുതൽ സമയം നോക്കുന്നത് (സ്ക്രീൻ ടൈം) വർധിച്ചതുമാണ് കാഴ്ചാപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. സ്‌ക്രീൻ ടൈം വർധിച്ചത് മൂലം മയോപിയ (ഹ്രസ്വദൃഷ്ടി )യാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വീടുകളിൽത്തന്നെ കഴിയുന്ന സാഹചര്യത്തിൽ ദൃഷ്ടികൾ കൂടുതലും അടുത്തുള്ള വസ്തുക്കളിൽ മാത്രം കൂടുതലായി കേന്ദ്രീകരിക്കുകയാണ്. തുടർച്ചയായുള്ള ഈ ശീലം കാരണം ദൂരെക്കാഴ്ചകളിേലക്ക് നോക്കാൻ പ്രയാസം അനുഭവപ്പെട്ട് തുടങ്ങുന്നു. കാഴ്ചക്കുറവിനൊപ്പം തലവേദന, കണ്ണുവേദന എന്നിവയാണ് ലക്ഷണങ്ങൾ. ദീർഘനേരം കംപ്യൂട്ടർ സ്‌ക്രീനുകൾ ഉപയോഗിക്കുമ്പോൾ കണ്ണിലും കാഴ്ചയിലും ഉണ്ടാകുന്ന അസ്വസ്ഥതകളെ ‘കംപ്യൂട്ടർ വിഷൻ സിൻഡ്രം’ എന്നാണ് പറയുന്നത്. ആദ്യ ലോക്ഡൗണിനു പിന്നാലെ കംപ്യൂട്ടർ വിഷൻ സിൻഡ്രത്തിനാണ് പലരും ചികിത്സ തേടിയിരുന്നതെങ്കിൽ അടച്ചിരിപ്പുകാലം നീണ്ടതോടെ മറ്റ് ഗുരുതര കാഴ്ചാപ്രശ്നങ്ങളിലേക്ക് നയിച്ചു. കോവിഡ് ബാധിതരിലും കാഴ്ച പ്രശ്നങ്ങൾ വർധിക്കുന്നുണ്ട്. കോവിഡ് ചികിത്സാ സമയത്തോ കോവിഡനന്തര പ്രശ്നങ്ങളുടെ ഭാഗമായോ കാഴ്ചയ്ക്കു മങ്ങലേക്കുന്ന സംഭവങ്ങളുമുണ്ട്. ഒാഗസ്റ്റ് 25-ന് ആരംഭിച്ച് സെപ്റ്റംബർ എട്ടിന് അവസാനിച്ച ദേശീയ നേത്ര പക്ഷാചരണത്തിെന്റ ഭാഗമായും കോവിഡ് കാലത്തെ കാഴ്ചാ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നു.

ചികിത്സ തേടുന്നവരുടെ എണ്ണം കൂടി

പ്രായഭേദമെന്യേ ഒട്ടേറെപ്പേർ കാഴ്ചാപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നുണ്ട്. മയോപിയയ്ക്കുപിന്നാലെ കണ്ണ് വരളുന്ന അവസ്ഥ, മറ്റ് കാഴ്ചാ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുതലാണ്. ഓൺലൈൻ കാലത്ത് സ്മാർട്ട്‌ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിന് പരിമിതികൾ ഉണ്ടെങ്കിലും സ്‌ക്രീൻ സമയം ക്രമീകരിക്കുകയാണ് പ്രധാനം.- ഡോ. ഗോപാൽ എസ്. പിള്ള, ഒഫ്താൽമോളജി വിഭാഗം മേധാവി, അമൃത ആശുപത്രി, കൊച്ചി