കൊച്ചി: പുതുക്കിയ ലോക്ഡൗൺ മാനദണ്ഡങ്ങൾ പലതും അപ്രായോഗികമെന്ന് വ്യാപാരികൾ ഹൈക്കോടതിയിൽ. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നൽകിയ ഹർജി പരിഗണിക്കവേയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

കടകൾ തുറന്ന സാഹചര്യത്തിൽ ഹർജികൾ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ പുതിയ മാനദണ്ഡങ്ങളിൽ പലതും അപ്രായോഗികമാണെന്നും കോടതി ഇടപെടേണ്ടതുണ്ടെന്നും ഹർജിക്കാരുടെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.

മറ്റു മേഖലകളിലെ സംഘടനകൾ നൽകിയ ഹർജികളും ഇതോടൊപ്പം പരിഗണിച്ചിരുന്നു. എല്ലാം ടി.പി.ആർ. അടിസ്ഥാനമാക്കിയ നിയന്ത്രണങ്ങൾ ചോദ്യംചെയ്തുള്ളവയായതിനാൽ ഭേദഗതി വരുത്തി നൽകാൻ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദേശിച്ചു. ഹർജികൾ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.